നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; വിദേശ പഠനമൊഴുക്ക് നിലയ്ക്കുമോ?

ഇപ്പോള്‍ 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നുണ്ട്. ഭാവിയില്‍ എന്താകും അവസ്ഥ?

Update:2024-03-29 11:00 IST

Image by Canva

ലോട്ടറി വില്‍പ്പനയും വിദേശ പഠനവും എന്തുകൊണ്ടാണ് കേരളത്തില്‍ ഒരുതരം വഴിയോര കച്ചവടമായി മാറിയത്? ഉത്തരം ലളിതമാണ്. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാനുമുണ്ട് സ്വപ്നങ്ങള്‍.

കേരളത്തിന്റെ ഏത് നഗരത്തിലും എവിടെയും കാണാം അമേരിക്കയുടെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അല്ലെങ്കില്‍ ദേശീയ പതാകയുടെ ചിത്രം പതിപ്പിച്ച പരസ്യ ബോര്‍ഡുകള്‍. അതുമല്ലെങ്കില്‍ ബ്രിട്ടണ്‍, കാനഡ, ഓസ്ട്രേലിയ, ജര്‍മ്മനി തുടങ്ങിയ പ്രമുഖരാജ്യങ്ങളുടെ പതാകയുടെ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകള്‍. കൂടാതെ, വിദേശ പഠനം എളുപ്പമാക്കാന്‍ വേണ്ടിയുള്ള വിവിധ പ്രവേശന പരീക്ഷകള്‍ക്കും വിദേശ ഭാഷാ പഠനത്തിനും കോഴ്സുകള്‍ക്കുമുള്ള കോച്ചിംഗ് സെന്ററുകളുടെ പരസ്യവും വലിയ തോതില്‍ കാണാം.
ഇത്തരത്തിലുള്ള എല്ലാ പരസ്യങ്ങളും ലക്ഷ്യം വെയ്ക്കുന്നത് ഒരേയൊരു കാര്യമാണ്. സ്റ്റഡി എബ്രോഡ് അഥവാ വിദേശ പഠനം. വിദേശകാര്യ മന്ത്രാലയത്തിന്റെ 2022ലെ കണക്ക് പ്രകാരം 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 'ബിയോണ്ട്ബെഡ്സ് ആന്‍ഡ് ബൗണ്ടറീസ്: ഇന്ത്യന്‍ സ്റ്റുഡന്റ് മൊബിലിറ്റി റിപ്പോര്‍ട്ട് 2023' എന്ന പേരില്‍ പുറത്തിറങ്ങിയ പഠനം ചൂണ്ടിക്കാണിക്കുന്നത് നിലവിലെ 15 ശതമാനം വളര്‍ച്ചാനിരക്ക് തുടരുകയാണെങ്കില്‍ ഈ സംഖ്യ 2025ല്‍ 20 ലക്ഷം കവിയുമെന്നാണ്. അതായത്, വിദേശ പഠനത്തിനായുള്ള നിലവിലെ ഒഴുക്ക് ഇനിയും തുടരും എന്നുതന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റം
ഇതൊരു പുതിയ കാര്യമല്ലെന്നാണ് ഇന്ത്യയിലെ നെതെര്‍ലാന്‍ഡ്സ് എംബസിയില്‍ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് അഫ്‌സല്‍ പറയുന്നത്. ''കുടിയേറ്റം സ്വാഭാവികമായ ഒരു സാമ്പത്തിക പ്രക്രിയയുടെ ഭാഗമാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഉല്‍പ്പാദനത്തിന് ആവശ്യമായ ഒരു വിഭവത്തില്‍ കുറവ് വരുമ്പോള്‍ ഇത്
കൂടുതലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് സ്വാഭാവികമാണ്. ഇന്ന് വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന കഴിവ് നേടിയവരെ വിദേശത്തെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങളില്‍ ആവശ്യമുണ്ട്. ഇത്തരം കഴിവുകള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കണ്ടെത്താന്‍ പ്രയാസമാണ്. അപ്പോള്‍ അവര്‍ക്കനുയോജ്യമായ വിദ്യാഭ്യാസം നല്‍കി തിരഞ്ഞെടുക്കുകയാണ് ഇപ്പോഴത്തെ രീതി,'' അഫ്‌സല്‍ പറയുന്നു.

Source: ബിയോണ്ട് ബെഡ്സ് ആന്‍ഡ് ബൗണ്ടറിസ്: ഇന്ത്യന്‍ സ്റ്റുഡന്റ് മൊബിലിറ്റി റിപ്പോര്‍ട്ട് 2023

* DAAD India

 ആശങ്ക ഒഴിയുന്നില്ല
ചില രാജ്യങ്ങള്‍ വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. വിദേശ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ കരുതല്‍ ഫണ്ട് കാനഡ ഈയിടെ വര്‍ധിപ്പിക്കുകയുണ്ടായി. കൂടാതെ താമസസ്ഥലത്തിന്റെ വിവരങ്ങള്‍ മുന്‍കൂറായി നല്‍കേണ്ടതുമുണ്ട്. നയതന്ത്ര ബന്ധത്തിലുണ്ടായ ചില അസ്വാരസ്യങ്ങളും വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി.
നല്‍കുന്ന വീസയുടെ എണ്ണം ഓസ്ട്രേലിയ ചുരുക്കിയിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കനുസൃതമായി പഠന പദ്ധതികളെ പുനരാവിഷ്‌കരിക്കുകയും ചെയ്തു. യു.കെ ആണെങ്കില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അനുകൂല ഘടകങ്ങള്‍
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തന്നെയാണ് മുഖ്യഘടകം. ഇതോടൊപ്പം ഇടത്തരക്കാരുടെ സംഖ്യ വര്‍ധിക്കുകയും വിദേശ പഠനത്തിന് കഴിവും സാമ്പത്തിക ശേഷിയുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. വിദേശ പഠനത്തിനെ കുറിച്ചുള്ള അവബോധം കൂടുമ്പോള്‍ അതിലൂടെ ലഭ്യമാകുന്ന അന്താരാഷ്ട്ര ജോലികള്‍ക്കായുള്ള ആഗ്രഹവും വര്‍ധിക്കുമെന്നതില്‍ സംശയമില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളും ഇതിന് ആക്കംകൂട്ടും. കാരണം, പുതിയ കോഴ്സുകള്‍ വരുമ്പോള്‍ ഇവയ്ക്കാവശ്യമായഗവേഷണ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടാകണമെന്നില്ല. പ്രത്യേകതയേറിയ കോഴ്സുകള്‍ക്കും ഗവേഷണത്തിനുമായി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തെ ആശ്രയിക്കേണ്ടതായും വരും.
മറ്റൊരു പ്രധാന ഘടകമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ രാജ്യത്തെ പരിമിതികള്‍. ആവശ്യത്തിന് സീറ്റുകള്‍ ഇല്ലെന്നത് ഒരു വലിയ പോരായ്മയാണ്. കൂടാതെ മികച്ച സ്‌കോളര്‍ഷിപ്പുകള്‍, ആവശ്യത്തിനനുസരിച്ചുള്ള വായ്പാ ലഭ്യത എന്നിവയും വിദേശ പഠനത്തിനായുള്ള ഒഴുക്കിന് ആക്കംകൂട്ടുന്നു. വിദ്യാഭ്യാസത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യാമെന്നതും അതിനു ശേഷം ജോലി ചെയ്യാനുള്ള വിസ ലഭിക്കുമെന്നതും മറ്റൊരു ആകര്‍ഷണമാണ്. മൊത്തത്തില്‍ പറഞ്ഞാല്‍, മികച്ച ഉന്നത വിദ്യാഭ്യാസം, നല്ല ജോലി, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയെ ഉറ്റുനോക്കുന്ന പുത്തന്‍ തലമുറയ്ക്ക് അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കണമെങ്കില്‍ വിദേശ പഠനമാണ് ഏകമാര്‍ഗം.
പ്രതികൂല ഘടകങ്ങള്‍
വളരെ ചെലവുള്ളതാണ് വിദേശപഠനം. രാജ്യത്തെ നിലവിലുള്ള സാമ്പത്തിക വളര്‍ച്ചയില്‍ ഏതെങ്കിലുമൊരു തരത്തിലുള്ള തിരിച്ചടിയുണ്ടാകുന്നത് വിദേശപഠനത്തിനായുള്ള ഒഴുക്കിന് തടയിടും. ആഗോള ജിയോപൊളിറ്റിക്കല്‍ സ്ഥിതിയില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ക്ക് വിഘാതമാകും. ഉദാഹരണത്തിന്, ഇന്ത്യയും കാനഡയും തമ്മില്‍ ഈയിടെയുണ്ടായ നയതന്ത്ര പ്രശ്‌നങ്ങള്‍ ഈ രംഗത്ത് കരിനിഴലുകള്‍ പരത്തിയിരുന്നു.
ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുന്ന പുരോഗതിയും ഗവേഷണ-വികസന സ്ഥാപനങ്ങളുടെ വളര്‍ച്ചയും വിദ്യാര്‍ത്ഥികളെ ഇവിടെ തന്നെ തുടരാന്‍ പ്രേരിപ്പിക്കാം. കൂടാതെ, വിദേശ സര്‍വകലാശാലകള്‍ക്ക് യു.ജി.സിയുടെ അക്കാദമിക നിയമങ്ങള്‍ക്ക് വിധേയമാകാതെ തന്നെ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ക്യാമ്പസ് ശാഖകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതും ഈ രംഗത്തെ ബ്രെയിന്‍ഡ്രെയിന്‍ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഓസ്‌ട്രേലിയയിലെ ഡീക്കന്‍, വൊള്ളോംഗോംഗ് സര്‍വകലാശാലകള്‍ ഇതിനകം ഇന്ത്യയിലെ ആദ്യത്തെ വിദേശസര്‍വകലാശാല ക്യാമ്പസ് ശാഖകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ അലയൊലികള്‍ കേരളത്തിലെ ബജറ്റ് പ്രസംഗത്തിലും കേള്‍ക്കുകയുണ്ടായി. സ്വകാര്യ-വിദേശ സര്‍വകലാശാലകളോട് ഉദാരമായ സമീപനം കൈക്കൊള്ളുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. മൊത്തത്തില്‍ സമീപ ഭാവിയില്‍ വിദേശപഠനത്തിനായുള്ള ഒഴുക്ക് തുടരുക തന്നെ ചെയ്യുമെന്ന് വേണം മനസിലാക്കാന്‍. പക്ഷേ അതിന്റെ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം.
(This article was originally published in Dhanam Business Magazine March 31st issue)


Tags:    

Similar News