റബര്‍വില വീണ്ടും മേലോട്ട്; ഏലത്തിനും കുതിപ്പ്, എന്നിട്ടും കര്‍ഷകന്റെ നേട്ടം വട്ടപ്പൂജ്യം!

റബര്‍വില കേരളത്തില്‍ മൂന്ന് വര്‍ഷത്തെ ഉയരത്തില്‍

Update:2024-05-30 16:25 IST

Image : Canva

കേരളത്തില്‍ റബര്‍വില മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കിലോയ്ക്ക് 190 രൂപയിലെത്തി. ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള ആര്‍.എസ്.എസ്-4 വില കിലോയ്ക്ക് 190 രൂപ കുറിക്കുകയായിരുന്നു. എന്നാല്‍, വ്യാപാരാന്ത്യത്തില്‍ വില 189 രൂപയായി.
നിലവില്‍ റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ആര്‍.എസ്.എസ്-4ന് കോട്ടയം വിപണിവില കിലോയ്ക്ക് 189 രൂപയാണ്. ആര്‍.എസ്.എസ്-5ന് വില 185.50 രൂപ. ഇതിനുമുമ്പ് സംസ്ഥാനത്ത് റബര്‍വില കിലോയ്ക്ക് 190 രൂപ രേഖപ്പെടുത്തിയത് 2021 ഡിസംബറിലായിരുന്നു.
മഴക്കെടുതിയിലെ വിലക്കയറ്റം
മഴ കടുത്തതോടെ ടാപ്പിംഗ് നിര്‍ജീവമായതും വിപണിയിലേക്ക് ഡിമാന്‍ഡിനനുസരിച്ച് ആഭ്യന്തര റബര്‍ എത്താത്തതുമാണ് വില വീണ്ടും ഉയരാന്‍ കാരണം. മഴക്കാലത്ത് ടാപ്പിംഗ് നടത്താന്‍ മരങ്ങള്‍ റെയിന്‍-ഗാര്‍ഡ് ചെയ്യണം. കനത്ത മഴമൂലം റെയിന്‍-ഗാര്‍ഡ് ചെയ്യുന്നതും തടസ്സപ്പെടുകയാണ്. ഇതും റബര്‍ ഉത്പാദനത്തെ ബാധിക്കുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മഴമാറി മാനംതെളിഞ്ഞാലെ റെയിന്‍-ഗാര്‍ഡ് ജോലികള്‍ ചെയ്യാനാകൂ എന്നും അവര്‍ പറയുന്നു.
മലേഷ്യയും തായ്‌ലന്‍ഡും അടക്കമുള്ള റബറിന്റെ മറ്റ് പ്രമുഖ ഉത്പാദക രാജ്യങ്ങളിലും സമാന പ്രതിസന്ധിയാണ്. ഇതുമൂലം വിപണിയിലേക്കുള്ള റബറിന്റെ ഒഴുക്ക് കുറഞ്ഞതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്. ബാങ്കോക്കില്‍ നിലവില്‍ വില ആര്‍.എസ്.എസ്-4ന് 200 രൂപയ്ക്ക് മുകളിലാണ്.
കേരളത്തിലും വില 200 രൂപയിലേക്ക് ഉയരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് 2011-12ലായിരുന്നു വില അവസാനമായി 200 രൂപയിലെത്തിയത്.
ഏലത്തിനും വിലക്കുതിപ്പ്
സംസ്ഥാനത്ത് ഏലത്തിന് ശരാശരി വില കിലോയ്ക്ക് 2,000 രൂപ കടന്നു. മോശം കാലാവസ്ഥമൂലം കൃഷി നശിച്ചതും ഉത്പാദനം ഇടിഞ്ഞതുമാണ് വില വര്‍ധിക്കാന്‍ കളമൊരുക്കിയത്.
ഇടുക്കിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ലേലത്തില്‍ ശരാശരി വില 2,357 രൂപയായിരുന്നു; കൂടിയവില കിലോയ്ക്ക് 3,851 രൂപയും.
നേട്ടമില്ലാതെ കര്‍ഷകര്‍
റബറിനും ഏലത്തിനും വില വര്‍ധിച്ചെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമില്ല. മോശം കൃഷിമൂലം ഉത്പാദനം കുറഞ്ഞതിനാല്‍ നിലവിലെ വിലവര്‍ധനയുടെ നേട്ടം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല.
റബറിനാകട്ടെ താങ്ങുവില 180 രൂപയാണ്. വിപണിവില ഇതിലും താഴെയാണെങ്കിലേ സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി കിട്ടൂ. നിലവില്‍ വില 189 രൂപയായതിനാല്‍ സബ്‌സിഡി നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല. താങ്ങുവില 200 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

Similar News