കാസര്‍കോട് രാജ്യാന്തര നിലവാരത്തില്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഒരുങ്ങുന്നു
വിദേശ സര്‍വകലാശാലകളുമായി കൈകോര്‍ത്ത് നൂതനമായ കോഴ്‌സുകള്‍ ആരംഭിക്കാനാണ് കുണിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്
കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സിന് കീഴില്‍ കാസര്‍കോട് കുണിയയില്‍ രാജ്യാന്തര നിലവാരത്തില്‍ സ്വകാര്യ സര്‍വകലാശാല ഒരുങ്ങുന്നു. കുണിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി എന്ന പേരിലാണ് ഇത്. വിദേശ സര്‍വകലാശാലകളുമായി കൈകോര്‍ത്ത് നൂതനമായ കോഴ്‌സുകള്‍ ആരംഭിക്കാനാണ് ശ്രമം. യൂണിവേഴ്‌സിറ്റിക്ക് വേണ്ട ഭൗതിക സൗകര്യങ്ങള്‍ ഏറെയും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഐ.എ.എസ് അക്കാദമിക്ക് തുടക്കമിട്ടിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമാണിത്. ഈ വര്‍ഷത്തെ ബാച്ചിലേക്ക് 14 സംസ്ഥാനങ്ങളില്‍ നിന്നായി 1400 ലേറെ അപേക്ഷകള്‍ ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച കുണിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഏഴ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. തൊഴില്‍ വിപണിക്ക് ആവശ്യമായ രീതിയിലാണ് ഇവിടെ കോഴ്‌സുകള്‍ ഒരുക്കിയിരിക്കുന്നത്. കുണിയ മാനേജ്‌മെന്റ് കോളെജ്, ഐറ്റി സെന്റര്‍ എന്നിവയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സും പഠിപ്പിക്കുന്നുണ്ട്. ബാല്യ കൗമാരത്തിന്റെ മികച്ച സ്വഭാവ രൂപീകരണത്തിന് എമിന്‍ ഇന്റര്‍നാഷണല്‍ അക്കാദമിയും ഇവിടെയുണ്ട്. കുഞ്ഞഹമ്മദ് മുസ്ല്യാര്‍ സ്മാരക ട്രസ്റ്റിനു കീഴിലാണ് ഈ സ്ഥാപനം.
പുതു തലമുറ കോഴ്‌സുകളിലേക്കും
രാജ്യാന്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നുണ്ട്. നാനോ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആസ്‌ട്രോഫിസിക്‌സ്, റോബോട്ടിക്‌സ്, സൈബര്‍ സുരക്ഷ, ഡാറ്റാ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ ഒട്ടേറെ പുതുതലമുറ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കും.
ഐ.ഐ.റ്റി, മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള കുണിയ എന്‍ട്രന്‍സ് അക്കാദമി, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കുണിയ കോളെജ് ഓഫ് ലോ, കുണിയ കോളെജ് ഓഫ് നഴ്‌സിംഗ്, കുണിയ കോളെജ് ഓഫ് ഫാര്‍മസി തുടങ്ങിയവയ്ക്ക് അടുത്ത വര്‍ഷം തുടക്കമാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. 400 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, രാജ്യാന്തര നിലവാരമുള്ള ലൈബ്രറി, റിസര്‍ച്ച് സെന്റര്‍, നാലായിരം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, സ്‌പോര്‍ട്‌സ് സിറ്റി, ഒളിമ്പിക് നിലവാരത്തിലുള്ള പൂള്‍, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ്.