പുതിയ എറണാകുളം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം അടുത്ത മാസം, വിപുലമായ പച്ചക്കറി മാര്‍ക്കറ്റ്, 275 കടകൾ, 150 കാറുകൾ പാർക്ക് ചെയ്യാം, സൗകര്യങ്ങള്‍ നിരവധി

ഉദ്ഘാടനം സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തത വരുത്തി

Update:2024-10-17 12:48 IST

Image Courtesy: instagram.com/kochi_mayor_official

നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് എറണാകുളം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തത വരുത്തി. കേരളത്തിലെ ഏറ്റവും വലിയ ചന്തകളിലൊന്നാണ് എറണാകുളം മാർക്കറ്റ്. അഞ്ച് വർഷം മുമ്പാണ് മാര്‍ക്കറ്റ് പുതുക്കി പണിയുന്നതിനുളള കർമ്മ പദ്ധതി തയാറാക്കുന്നത്.
നവംബറിൽ പുതിയ എറണാകുളം മാർക്കറ്റ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. ഇത് അഭിമാനാർഹമായ നേട്ടമാണെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ പറഞ്ഞു. ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല. എന്നാൽ അടുത്ത മാസം പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു. 72.68 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്.
കൊച്ചിൻ സ്‌മാർട്ട് മിഷന്റെ നേതൃത്വത്തിലാണ് പുതിയ സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള മാർക്കറ്റ് കൊച്ചിയിലെ വാണിജ്യ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ്. എറണാകുളം ബ്രോഡ് വേയ്ക്ക് സമീപമാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

മാര്‍ക്കറ്റിന്റെ പ്രത്യേകതകള്‍

പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിൽ 275 കടകൾ, 150 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം, മാലിന്യ സംസ്കരണ പ്ലാന്റ്, മതിയായ ജലവിതരണം, തുറസായ സ്ഥലം, സ്കൈലൈറ്റുകൾ, ശുചിത്വ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഉള്‍ക്കൊളളുന്നു.
മത്സ്യം, മാംസം, കോഴി തുടങ്ങിയവ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ പുതിയ മാര്‍ക്കറ്റില്‍ ഒന്നാം നിലയിലായിരിക്കും. താഴത്തെ നിലയിൽ കൂടുതലും പച്ചക്കറി വിൽപ്പനയാകും ഉണ്ടാവുക. മാംസം, മുട്ട, പച്ചക്കറികൾ, വാഴപ്പഴം തുടങ്ങിയ പഴ വിഭവങ്ങൾ, വാഴയില, കയർ, സ്റ്റേഷണറി ഇനങ്ങൾ, പരമ്പരാഗത മുള, പൈൻ ഇല ഉൽപന്നങ്ങൾ തുടങ്ങിയ വൈവിധ്യമാര്‍ന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും കേന്ദ്രമാണ് എറണാകുളം മാർക്കറ്റ്.
213 കടകളാണ് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 130 ഷോപ്പുകളും പച്ചക്കറി ഉല്‍പന്നങ്ങളാണ് വില്‍പന നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

നിലവില്‍ പ്രവര്‍ത്തനം താല്‍കാലിക സൗകര്യത്തില്‍

പുതിയ മാർക്കറ്റ് കോംപ്ലക്‌സ് നിർമിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ കടകളും വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റ് പരിസരത്ത് താല്‍കാലിക സൗകര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 3500 ചതുരശ്ര മീറ്ററിൽ 225 സ്റ്റാളുകളാണ് താൽക്കാലിക സൗകര്യത്തില്‍ ഉളളത്.
എറണാകുളം ഷൺമുഖം റോഡില്‍ നിന്നും മാർക്കറ്റ് റോഡില്‍ നിന്നും വാഹനങ്ങള്‍ക്ക് പുതിയ മാർക്കറ്റ് കോംപ്ലക്‌സിലേക്ക് സുഗമമായി പ്രവേശിക്കാന്‍ സാധിക്കുന്നതാണ്.
മാര്‍ക്കറ്റിലേക്കുളള ചരക്കുകൾ കയറ്റാനും ഇറക്കാനും ലേലം പ്രത്യേക ഇടങ്ങൾ ഉള്ളതിനാൽ റോഡുകളിലും സമീപ പ്രദേശങ്ങളിലും ചരക്കു വാഹന പാര്‍ക്കിങ് ഒഴിവാക്കാനും സാധിക്കും.
Tags:    

Similar News