റബര്‍ വില വീണ്ടും കൂടുന്നു; എന്നിട്ടും നേട്ടം ടാപ്പ് ചെയ്യാനാവാതെ കേരളത്തിലെ കര്‍ഷകര്‍
രാജ്യാന്തരവില 200 രൂപയ്ക്ക് മുകളില്‍
കഴിഞ്ഞയാഴ്ചകളിലെ താഴ്ചയുടെ ട്രെന്‍ഡിന് വിരാമമിട്ട് ആഭ്യന്തര റബര്‍വില വീണ്ടും കൂടുന്നു. ആര്‍.എസ്.എസ്-4 ഇനത്തിന് കോട്ടയത്ത് വില കിലോയ്ക്ക് 186 രൂപയിലെത്തിയെന്ന് റബര്‍ ബോര്‍ഡിന്റെ കണക്ക് വ്യക്തമാക്കുന്നു. ആര്‍.എസ്.എസ്-5ന് വില 182.50 രൂപയാണ്.
ആര്‍.എസ്.എസ്-4ന് കഴിഞ്ഞവാരം വില 180 രൂപയായിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 179 രൂപയിലേക്കും വില താഴ്ന്നിരുന്നു. ടയര്‍ കമ്പനികളില്‍ നിന്ന് കാര്യമായ ഡിമാന്‍ഡ് വര്‍ധനയില്ലെങ്കിലും സംസ്ഥാനത്ത് റബര്‍വില കഴിഞ്ഞവാരം മെച്ചപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
രാജ്യാന്തര വില മിന്നുന്നു
സ്വാഭാവിക റബറിന്റെ രാജ്യാന്തരവില കിലോയ്ക്ക് 200 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. ആര്‍.എസ്.എസ്-4ന് ബാങ്കോക്കില്‍ കിലോയ്ക്ക് 202.41 രൂപയിലാണ് വില്‍പന. അതായത് കേരളത്തിലെ വിലയേക്കാള്‍ 16.41 രൂപ കൂടുതല്‍.
മഴക്കെടുത്തി തായ്‌ലന്‍ഡിലെ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വിപണിയിലേക്കുള്ള റബറിന്റെ ഒഴുക്ക് കുറഞ്ഞേക്കും. വൈകാതെ വില കിലോയ്ക്ക് അവിടെ 230 രൂപ കടക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.
കര്‍ഷകന് നിരാശ തന്നെ
സംസ്ഥാനത്ത് റബര്‍വില വീണ്ടും മെച്ചപ്പെടുന്നുണ്ടെങ്കിലും കര്‍ഷകന് പ്രയോജനം കിട്ടുന്നില്ല. മഴമൂലം ടാപ്പിംഗ് നിര്‍ജീവമായതും ഉത്പാദനം കുറഞ്ഞതുമാണ് കാരണം. കൈവശം ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ വിലവര്‍ധനയുടെ നേട്ടം കര്‍ഷകന് അന്യമാകുന്നു.
അതേസമയം, വില മെച്ചപ്പെട്ടെങ്കിലും ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടുന്നില്ലെന്ന നിരാശയും കര്‍ഷകര്‍ക്കുണ്ട്. മഴയ്ക്ക് മുമ്പ് തന്നെ കിലോയ്ക്ക് 200 രൂപയെങ്കിലും ഉത്പാദനച്ചെലവുണ്ടായിരുന്നു. മഴപ്പശ്ചാത്തലത്തില്‍ റെയിന്‍ഗാര്‍ഡ് സ്ഥാപിക്കുന്നതിലേക്ക് കടന്നപ്പോള്‍ 35 രൂപ അധികച്ചെലവും കര്‍ഷകര്‍ നേരിട്ടു. മഴക്കാലത്തും ടാപ്പിംഗ് നടത്താന്‍ വേണ്ടിയാണ് മരങ്ങള്‍ക്ക് റെയിന്‍ഗാര്‍ഡ് ചെയ്യുന്നത്.
ഗുണമില്ലാതെ സബ്‌സിഡി പദ്ധതി
കിലോയ്ക്ക് 180 രൂപ താങ്ങുവിലയുമായി സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ വിലസ്ഥിരതാ പദ്ധതി നിലവിലുണ്ട്. എന്നാല്‍, വിപണിവില താങ്ങുവിലയേക്കാള്‍ മുകളിലായതിനാല്‍ പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്കില്ല. കര്‍ഷകര്‍ക്ക് സബ്‌സിഡി കൊടുക്കേണ്ടെന്നതിനാല്‍ സര്‍ക്കാരിനാകട്ടെ ഇത് നേട്ടവുമാണ്. താങ്ങുവില 200 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം ബജറ്റിന് മുമ്പും തിരഞ്ഞെടുപ്പ് കാലത്തും ഉയര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ബജറ്റില്‍ സംസ്ഥാന ധനമന്ത്രി ചെയ്തത് താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയാക്കുകയായിരുന്നു.