എന്‍.എച്ച്-66 വികസനത്തിനു ധാരണാപത്രം; ഭൂമിവിലയുടെ 25 % കിഫ്ബിയില്‍ നിന്ന്

Update: 2019-10-04 05:06 GMT

കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉയര്‍ന്ന ചെലവ് ദേശീയപാതാ വികസനത്തിനു തടസമായിരുന്നതിനു പരിഹാരമായി. ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 75 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാമെന്നു പരസ്പരം സമ്മതിച്ചതോടെയാണിത്. ഇതു സംബന്ധിച്ച്് കേരളവും കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയവും ന്യൂഡല്‍ഹിയില്‍ ധാരണാപത്രം ഒപ്പുവച്ചു.ഇതോടെ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററായി എന്‍എച്ച് -66 വീതി കൂട്ടുന്നതിനു ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നുറപ്പായി.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള മൊത്തം ചെലവ് ഏകദേശം 21,000 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 5,250 കോടി രൂപ കിഫ്ബി വഴി സംസ്ഥാനം വഹിക്കും.ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഭൂമി ലഭ്യതയുടെ പ്രശ്നം കണക്കിലെടുത്ത് ഡിസൈനില്‍ പരമാവധി മാറ്റം വരുത്തി വരുത്തി ദേശീയപാത വികസനം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രാലയം അറിയിച്ചിട്ടുള്ളത്.

ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.ദേശീയപാത അതോറിറ്റി ജനറല്‍ മാനേജര്‍ അലോക് ദിപാങ്കര്‍ സന്നിഹിതനായിരുന്നു.

ദേശീയ പാത 66ല്‍ തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 13 സ്ട്രെച്ചുകളിലായി 526 കിലോമീറ്റര്‍ ദൂരം ആറു വരി പാതയായാണ് വികസിപ്പിക്കുന്നത്.തലപ്പാടി മുതല്‍ ചെങ്ങള വരെ 39 കി. മീ, ചെങ്ങള മുതല്‍ നീലേശ്വരം വരെ 37 കി. മീ, പേരോള്‍ - തളിപ്പറമ്പ് സ്ട്രെച്ചില്‍ 40 കി.മീ, തളിപ്പറമ്പുമുതല്‍ മുഴുപ്പിലങ്ങാട് വരെ 36 കി. മീ, അഴിയൂര്‍ മുതല്‍ വെങ്ങലം വരെ 39 കി.മീ, രാമനാട്ടുകര മുതല്‍ കുറ്റിപ്പുറം വരെ 53 കി.മീ, കുറ്റിപ്പുറം മുതല്‍ കപ്പിരികാട് വരെ 24 കി.മീ, കപ്പിരിക്കാട് മുതല്‍ ഇടപ്പള്ളി വരെ 89 കി.മീ, തുറവൂര്‍ മുതല്‍ പറവൂര്‍ വരെ 38 കി.മീ, പറവൂര്‍ മുതല്‍ കൊറ്റന്‍കുളങ്ങര വരെ 38 കി.മീ, കൊറ്റന്‍കുളങ്ങര മുതല്‍ കൊല്ലം ബൈപ്പാസിന്റെ തുടക്കം വരെ 32 കി.മീ, കൊല്ലം ബൈപ്പാസ് മുതല്‍ കടമ്പാട്ടുകോണം വരെ 32 കി.മീ, കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെ 29 കിലോമീറ്റര്‍ എന്നിങ്ങനെ 13 സ്ട്രെച്ചുകളിലായി ആറ് വരിപാത നിര്‍മ്മിക്കുന്നതിനാണ് ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ ഇടപെടലുകളുണ്ടായിരുന്നു. അഞ്ചുതവണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി നടപടി വൈകുന്നതില്‍ അതൃപ്തി അറിയിച്ചു. അതോടെ ഉദ്യോഗസ്ഥരോട് സ്വരം കടുപ്പിച്ച ഗഡ്കരി, ധാരണാപത്രം ഒപ്പം വയ്ക്കുന്നത് എത്രയും വേഗത്തിലാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Similar News