സാധനങ്ങളില്ല, സപ്ലൈകോയ്ക്ക് ഇക്കുറി ക്രിസ്മസ് ഫെയറുമില്ല, വിലക്കയറ്റ ഭീഷണിയില്‍ ജനം

13 ഇനം സബ്‌സിഡി സാധനങ്ങള്‍ എങ്ങും കിട്ടാനില്ല

Update: 2023-12-06 07:43 GMT

Image Courtesy: Supplyco.in

ഈ ക്രിസ്മസ് കാലത്തും സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഉണ്ടാകില്ലെന്നുറപ്പായി. കഴിഞ്ഞ കുറച്ചു നാളുകളായി സബ്‌സിഡി സാധനങ്ങള്‍ പലതും ലഭ്യമല്ല. 

സര്‍ക്കാര്‍ അടിയന്തരമായി പണം അനുവദിച്ചില്ലെങ്കില്‍ ഇത്തവണ ക്രിസ്മസ് ഫെയറുകള്‍ ഉണ്ടാകില്ലെന്നാണ്  സൂചന. സാമ്പത്തിക പ്രതിസന്ധിമൂലം പുതിയ ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളിച്ചെണ്ണയ്ക്ക് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ പണമില്ലാത്തതിനാല്‍ റദ്ദാക്കേണ്ടിയും വന്നിരുന്നു.
പുറം വിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയില്‍ സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. ക്രിസ്മസ് അടുക്കുമ്പോള്‍ മിക്ക സാധനങ്ങള്‍ക്കും വില ഉയരാനും സാധ്യതയുണ്ട്.
സാധാരണ ക്രിസ്മസിന് 10 ദിവസം മുന്‍പെങ്കിലും ക്രിസ്മസ് ചന്തകള്‍ തുടങ്ങാറുണ്ട്. അതിനായി നേരത്തെ തന്നെ ടെന്‍ഡറും വിളിക്കും. എന്നാല്‍ ഇത്തവണ അതിനുള്ള നീക്കങ്ങളൊന്നും നടന്നിട്ടില്ല. നവംബര്‍ 14ന് ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും കുടിശിക നല്‍കാത്തതിനാല്‍ വിതരണക്കാരാരും പങ്കെടുത്തില്ല. 740 കോടി രൂപയോളമാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്.
നാളെ ഫ്രീ സെയില്‍ സാധനങ്ങളുടെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. നിലവില്‍ സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ മാത്രമാണ് സപ്ലൈകോ സ്‌റ്റോറുകളിൽ ലഭ്യമായിട്ടുള്ളത്. സബ്‌സിഡി സാധനങ്ങളില്‍ ചുരുക്കം ചില സാധനങ്ങള്‍ മാത്രം ചില ഷോപ്പുകളിലുണ്ട്.
വിതരണക്കാര്‍ ഉത്പന്നം നല്‍കാത്ത സാഹചര്യത്തില്‍ പയര്‍-പരിപ്പ് ഉത്പന്നങ്ങളും വറ്റല്‍മുളകും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നു നേരിട്ടെടുക്കാനും സപ്ലൈകോ ആലോചന നടത്തുന്നുണ്ട്.
ശമ്പളവും മുടങ്ങി
സബ്‌സിഡി സാധനങ്ങള്‍ വാങ്ങാനായാണ് പലരും സപ്ലൈകോയിലെക്കെത്തുന്നത്. അവ ലഭിക്കാതായതോടെ മറ്റ് സാധനങ്ങള്‍ക്കും ചെലവില്ലാതായി. ഇത് വില്‍പ്പനയിലും വലിയ ഇടിവുണ്ടാക്കി. പല ഷോപ്പുകളും പ്രതിമാസ വില്‍പ്പന ലക്ഷ്യത്തിനടുത്ത് പോലുമെത്തുന്നില്ല. ഇതോടെ ശമ്പളം നല്‍കാനും പണമില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും നല്‍കിയിട്ടില്ല. സാധാരണ അതത് മാസത്തെ അവസാനത്തെ പ്രവൃത്തിദിനത്തിലാണ് ശമ്പളം നല്‍കുന്നത്. ഇത്തവണ ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളം നല്‍കിയിട്ടില്ല. എന്നാല്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ലഭിച്ചതായും പറയുന്നുണ്ട്. ശമ്പളം മുടങ്ങില്ലെന്നും എല്ലാ ജീവനക്കാര്‍ക്കും ഇന്ന് തന്നെ ശമ്പളം നല്‍കുമെന്നുമാണ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചിരിക്കുന്നത്.
സ്‌പ്ലൈകോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 1,138 കോടിയും കേന്ദ്ര സര്‍ക്കാര്‍ 692 കോടിയും നല്‍കാനുണ്ട്.
Tags:    

Similar News