ഭക്ഷ്യസംസ്‌കരണ മേഖലയിലെ പുതുമകള്‍ അറിയാം, ഫുഡ് ടെക് കേരള പ്രദര്‍ശനം കൊച്ചിയില്‍
ജനുവരി 10 മുതല്‍ 12 വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പുതിയ മാറ്റങ്ങളും സാങ്കേതിക വിദ്യകളും അറിയാനും പരിചയപ്പെടാനും അവസരമൊരുക്കി ഫുഡ് ടെക് കേരളയുടെ 15-ാമത് പതിപ്പ് ജനുവരി 10 മുതല്‍ 12 വരെ കൊച്ചിയില്‍. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയില്‍ ഭക്ഷ്യോത്പന്ന മെഷിനറി, പാക്കേജിംഗ് ഉപകരണങ്ങള്‍, ചേരുവകള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 60ലേറെ സ്ഥാപനങ്ങള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.
കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ-ബിപ്), നബാര്‍ഡ്, എന്‍.എസ്.ഐ.സി, നോര്‍ക്ക റൂട്ട്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും പ്രദര്‍ശനത്തിനുണ്ട്.
നബാര്‍ഡ് സംഘടിപ്പിക്കുന്ന ഫുഡ് പ്രോസസിംഗ് ഫണ്ട്- ഇന്‍വെസ്റ്റര്‍ മീറ്റ്, രണ്ടാം ദിവസം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് സംഘടിപ്പിക്കുന്ന ഏകദിന പരിശീലനപരിപാടി എന്നിവയാകും ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോ ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കെ-ബിപ് സ്‌പോണ്‍സര്‍ ചെയ്യുന്ന 20 എസ്.എം.ഇ യൂണിറ്റുകളുടെ വ്യാവസായിക പവലിയനും മേളയുടെ ഭാഗമാകും. കൂടുതൽ വിവരങ്ങൾക്ക്: https://foodtechkerala.com/