മാർച്ച്‌ പാദത്തില്‍ മികച്ച പ്രകടനവുമായി വി-ഗാർഡ്; ലാഭവും വരുമാനവും കുതിച്ചു

ഓഹരി ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്നു, ഒരു വര്‍ഷക്കാലത്ത് നല്‍കിയത് 47 ശതമാനം നേട്ടം

Update:2024-05-16 18:31 IST

Image : Mithun K Chittilappilly and V-Guard Industries 

മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1,342.77 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവിലെ 1,139.22 കോടി രൂപയേക്കാള്‍ 17.9 ശതമാനമാണ് വളര്‍ച്ച.

ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 52.72 കോടി രൂപയേക്കാള്‍ 44.5 ശതമാനം ഉയര്‍ന്ന് 76.17 കോടി രൂപയായി.
സാമ്പത്തിക വർഷ കണക്കുകൾ 
2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 4,856.67 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷത്തെ 4,127 കോടി രൂപയെ അപേക്ഷിച്ച് 17.7 ശതമാനത്തിന്റെ വര്‍ധനയുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം മുന്‍ വര്‍ഷത്തെ 189.05 കോടി രൂപയില്‍ നിന്ന് 36.2 ശതമാനം വര്‍ധിച്ച് 374 കോടി രൂപയായി.
നാലാംപാദത്തില്‍ മികച്ച ഡിമാന്‍ഡായിരുന്നുവെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് മേഖല മികച്ച വളര്‍ച്ച കാഴ്ചവച്ചെന്നും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
വി-ഗാര്‍ഡ് 2022ല്‍ ഏറ്റെടുത്ത സണ്‍ഫ്‌ളെയിം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പല പ്രവര്‍ത്തനങ്ങളുടേയും ഫലമായി നാലാം പാദത്തില്‍ മികച്ച വളര്‍ച്ച കാഴ്ചവച്ചു. അടുത്തിടെ വാണിജ്യോത്പാദനം ആരംഭിച്ച ബാറ്ററി ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ് ഫാക്ടറി വരും വര്‍ഷത്തില്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഹരിയിൽ മുന്നേറ്റം 
ഓഹരിയൊന്നിന് 1.40 രൂപ വീതം അന്തിമ ലാഭവിഹിതവും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്ന് 274.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 47 ശതമാനവും മൂന്ന് വര്‍ഷക്കാലത്ത് 68 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് വി-ഗാര്‍ഡ് ഓഹരി. ഓഹരിയിന്ന് റെക്കോഡിലാണ്.
Tags:    

Similar News