മണപ്പുറം ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി വി.പി.നന്ദകുമാര്‍; ഓഹരിയില്‍ 5% മുന്നേറ്റം

രണ്ട് ദിവസങ്ങളിലായി 5.94 കോടി രൂപയുടെ ഓഹരികളാണ് സ്വന്തമാക്കിയത്‌

Update:2024-06-06 19:57 IST

വി.പി. നന്ദകുമാര്‍

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം കൂട്ടി എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍. വിപണിയിൽ നിന്നാണ് ഓഹരി സ്വന്തമാക്കിയത്. ജൂണ്‍ മൂന്നിന് 3.47  കോടി രൂപയ്ക്ക് 2 ലക്ഷം ഓഹരികളും ജൂണ്‍ നാലിന് 2.47  കോടി രൂപയ്ക്ക് 1.5 ലക്ഷം ഓഹരികളുമാണ് നന്ദകുമാര്‍ സ്വന്തമാക്കിയത്. മൊത്തം 5.94 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്.

2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 24.55 കോടി ഓഹരികള്‍, അതായത് 29 ശതമാനം ഓഹരി പങ്കാളിത്തമാണ് നന്ദകുമാറിന് മണപ്പുറം ഫിനാന്‍സിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളുടേതടക്കം 35.20 ശതമാനം ഓഹരിയാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ വരുമാനം 32 ശതമാനം ഉയര്‍ന്ന് 8,848 കോടി രൂപയായിരുന്നു. ലാഭം ഇക്കാലയളവില്‍ 46 ശതമാനം വര്‍ധിച്ച് 2,192 രൂപയും.
ഓഹരി ഉയരത്തിൽ 
കമ്പനിയുടെ പ്രമോട്ടര്‍മാര്‍, അതായത് കമ്പനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളെയും ഭാവി സാധ്യതകളെയും കുറിച്ച് കൃത്യമായി അറിയാവുന്ന, കമ്പനിയ്ക്കകത്ത് തന്നെയുള്ളവര്‍ ഓഹരി വാങ്ങുന്നത് അവര്‍ക്ക് കമ്പനിയുടെ വളര്‍ച്ചയിലും പ്രകടനത്തിലുമുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് മറ്റ് ഓഹരി ഉടമകളിലും വിശ്വാസം ഉയര്‍ത്തും.
ഇന്ന് ഓഹരി 5 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരി നല്‍കിയത് 61 ശതമാനം നേട്ടമാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള ഓഹരിയുടെ നേട്ടം മൂന്ന് ശതമാനം മാത്രമാണ്.

(This is not a stock recomendation. Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News