വണ്ടര്‍ലാ ഹോളിഡേയ്‌സ് ₹800 കോടിയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു, ഓഹരികൾ ഇടിവിൽ

അംഗീകൃത ഓഹരി മൂലധനം ഉയര്‍ത്താനും ഡയറക്ടര്‍ ബോര്‍ഡ് അനുമതി

Update:2024-10-04 17:43 IST

അരുൺ കെ. ചിറ്റിലപ്പിള്ളി,​ വണ്ട‌‌ർലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റിസോര്‍ട്ട് സ്ഥാപനമായ വണ്ടര്‍ലാ ഹോളിഡേയ്‌സിന് 800 കോടി രൂപയുടെ മൂലധന സമാഹരണത്തിന് ബോര്‍ഡ് അനുമതി നല്‍കി. മുന്‍ഗണന (പ്രിഫറന്‍ഷ്യല്‍) ഓഹരികളിലായോ യോഗ്യമായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് (private placement) ഓഹരികള്‍ നല്‍കിയോ അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ വഴിയോ ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനി ഓഹരി ഉടമകളുടെ അനുമതി പ്രകാരം ഒന്നോ അതിലധികമോ തവണകളായിട്ടായിരിക്കും മൂലധന സമാഹരണം നടത്തുക.
ഇതുകൂടാതെ അംഗീകൃത ഓഹരി മൂലധനം (authorised share capital) ഉയര്‍ത്താനും 60 കോടി രൂപയില്‍ നിന്ന് 80 കോടി രൂപയായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിലെ 10 രൂപ മുഖ വിലയുള്ള ആറു കോടി ഓഹരികളെ 10 രൂപ വീതമുള്ള എട്ട് കോടി ഇക്വിറ്റി ഓഹരികളാക്കി മാറ്റും.

ഓഹരികൾ ഇടിവിൽ 

ഇന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് ഓഹരികള്‍ 1.33 ശതമാനം ഇടിഞ്ഞ് 870 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് വ്യാപാര ദിനങ്ങളിലായി ഓഹരി ഇടിവിലാണ്.
ഈ വര്‍ഷം ഇതു വരെയുള്ള ഓഹരിയുടെ പ്രകടനവും അത്ര ആകര്‍ഷകമല്ല. അതേസമയം, 12 മാസക്കാലയളവില്‍ ഓഹരി 20 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ വണ്ടര്‍ലായുടെ ലാഭം 63.2 ശതമാനമായിരുന്നു. വരുമാനം 172.9 കോടി രൂപയും. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.


Tags:    

Similar News