വണ്ടര്‍ലാ ഹോളിഡേയ്‌സിന് മൂന്നാം പാദത്തില്‍ 37 കോടി രൂപ ലാഭം

വരുമാനം 11 ശതമാനം വര്‍ധിച്ചു, ഓഹരികള്‍ ഇടിവില്‍

Update:2024-02-08 18:52 IST

Arun Chittiplappilly, Managing Director - Wonderla Amusement Parks & Resort 

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ല ഹോളിഡേയ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 37.35 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 38.90 കോടി രൂപയേക്കാള്‍ 4 ശതമാനം കുറവാണിത്. അതേ സമയം ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റബറിലെ 13.52 കോടി രൂപയുമായി നോക്കുമ്പോള്‍ 176 ശതമാനത്തിലധികം വര്‍ധനയുണ്ട്.

മൊത്ത വരുമാനം കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ 117.75 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 129.52 കോടിയായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തിലിത് 81.40 കോടി രൂപയായിരുന്നു.
ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് കമ്പനി ഫലപ്രഖ്യാപനം നടത്തിയത്. അതിനാല്‍ ലാഭത്തിലെ കുറവിനെ കുറിച്ചുള്ള വിപണിയുടെ പ്രതികരണം നാളെയെ അറിയാനാകൂ. ഇന്ന് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ് 871 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയുടെ നഷ്ടം 1.75 ശതമാനമാനമാണ്‌ . അതേ സമയം ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകർക്ക് 113 ശതമാനത്തിലധികം നേട്ടവും ഓഹരി നല്‍കിയിട്ടുണ്ട്.
സന്ദര്‍ശകരുടെ എണ്ണം ഉയര്‍ന്നു
കഴിഞ്ഞ പാദത്തില്‍ 9.45 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വിവിധ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചത്. ബാംഗളൂര്‍ പാര്‍ക്കില്‍ 3.52 ലക്ഷം പേരും കൊച്ചി പാര്‍ക്കില്‍ 2.97 ലക്ഷവും ഹൈദരാബാദ് പാര്‍ക്കില്‍ 2.96 ലക്ഷം പേരും സന്ദര്‍ശകരായെത്തി. കഴിഞ്ഞ പാദത്തില്‍ മികച്ച പ്രകടനമാണ് വണ്ടര്‍ലാ ഹോളിഡേയ്‌സ് കാഴ്ചവച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിലുള്ള കാര്യങ്ങളിലായിരുന്നു കഴിഞ്ഞ പാത്തില്‍ കമ്പനി ശ്രദ്ധ നല്‍കിയത്. മൂന്നു പാര്‍ക്കുകളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായത് പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭുവനേശ്വര്‍ പാര്‍ക്ക് വേനലവധിക്ക്

ഒഡീഷയിലെ ഭുവനേശ്വറില്‍ ഒരുങ്ങുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തുറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും മൂന്ന് മാസം മുന്‍പ്, അതായത് അടുത്ത വേനലവധിക്കാലത്തോടെ തുറക്കാനായേക്കുമെന്നും അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ചെന്നൈയിലെ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News