'തെങ്കാശിയിലെ അത്ഭുതം' കൊട്ടാരക്കരയിലേക്കും, സോഹോയുടെ വമ്പന്‍ ഗവേഷണ കേന്ദ്രം ഉടന്‍

പ്രതീക്ഷിക്കുന്നത് 1,000 ത്തോളം തൊഴിലവസരങ്ങള്‍

Update: 2023-09-21 13:13 GMT

ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കേരളത്തില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (ആര്‍ & ഡി) തുടങ്ങുന്നു. തെങ്കാശി മതലമ്പാരി ഗ്രാമത്തിലെ സോഹോ കോര്‍പറേഷന്‍ മാതൃകയില്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് പുതിയ സെന്റര്‍ തുടങ്ങുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 1,000ത്തോളം പേര്‍ക്ക് തൊഴിലവസരം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

ശതകോടീശ്വരനായ ശ്രീധര്‍ വെമ്പു നേതൃത്വം നൽകുന്ന സോഹോ കോര്‍പ്പറേഷനുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തി
ലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 കെ.എന്‍ ബാലഗോപാലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) സി.ഇ.ഒ അനൂപ് അംബികയും  അടങ്ങുന്ന സംഘം സോഹോയുടെ തെങ്കാശി സെന്റര്‍ സന്ദര്‍ശിച്ച അവസരത്തില്‍ കേരളത്തില്‍ സെന്റര്‍ തുടങ്ങുന്നതിനായി ശ്രീധര്‍ വെമ്പുവിനെ ക്ഷണിച്ചിരുന്നു. 

സോഹോ പ്രതിനിധികള്‍ ഉടനെത്തും

സോഹോയുടെ ഔദ്യോഗിക വ്യക്തികള്‍ ഈ ആഴ്ച കൊട്ടാരക്കര സന്ദര്‍ശിക്കുമെന്നാണ് വിവരങ്ങള്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഡിജിറ്റല്‍ സമിറ്റിന് കേരളത്തിലെത്തിയ ശ്രീധര്‍ വെമ്പു കേരളത്തില്‍ സെന്റര്‍ തുടങ്ങുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി യുവാക്കള്‍ പുറത്ത് പോകുന്നത് ഒഴിവാക്കി കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്ക് നാട്ടില്‍ തന്നെ നല്‍കേണ്ടതിന്റെ ആവശ്യകതയും വെമ്പു ചൂണ്ടിക്കാട്ടിയിരുന്നു.

തെങ്കാശിയിലെ സോഹോ കോര്‍പറേഷന്‍ ഇന്ന് ടെക്‌നോളജി ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാണ്. കമ്പനിയുടെ വിജയത്തില്‍ ലൊക്കേഷന് വലിയ പ്രാധാന്യമുണ്ടെന്ന ആശയത്തെ പൊളിച്ചെഴുതാനാണ് ശ്രീധര്‍ വെമ്പു തെങ്കാശി പോലൊരു ഗ്രാമത്തില്‍ കോര്‍പറേറ്റ് ഓഫീസ് തുടങ്ങിയത്.

Tags:    

Similar News