കേരളം ദേശീയ വളര്‍ച്ചയെ മറികടന്നേക്കും?

9 സംസ്ഥാനങ്ങളുടെ വളര്‍ച്ച ദേശീയ ശരാശരിക്കും മേലെയായേക്കും

Update:2023-03-23 15:45 IST

അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയെ കേരളത്തിന്റെ വളര്‍ച്ച (കേരള ജി.എസ്.ഡി.പി) മറികടക്കും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023-24ല്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന നോമിനല്‍ ജി.ഡി.പി വളര്‍ച്ച 10.5 ശതമാനമാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റ് പ്രകാരം, കേരളം പ്രതീക്ഷിക്കുന്ന വളര്‍ച്ച 11.2 ശതമാനം.

രാജ്യത്ത് ഒരു സാമ്പത്തിക വര്‍ഷം നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും മൊത്തം മൂല്യമാണ് ജി.ഡി.പി. അത്, നിലവിലെ വിലയില്‍ (കറന്റ് പ്രൈസസ്) വിലയിരുത്തുന്നതാണ് നോമിനല്‍ ജി.ഡി.പി.
കേരളത്തിന്റെ വളര്‍ച്ച
നടപ്പുവര്‍ഷം (2022-23) കേരളം 12.2 ശതമാനമാണ് കേരളം പ്രതീക്ഷിക്കുന്ന നോമിനല്‍ ജി.ഡി.പി വളര്‍ച്ച. ദേശീയതലത്തിലെ വളര്‍ച്ചാപ്രതീക്ഷ 15.9 ശതമാനമാണ്. ദേശീയതല വളര്‍ച്ച അടുത്തവര്‍ഷം 10.5 ശതമാനമായി താഴും. കേരളം 11.2 ശതമാനത്തിലേക്ക് വളര്‍ച്ച മെച്ചപ്പെടുത്തും.
ദേശീയ ശരാശരിക്കും മേലെ 9 സംസ്ഥാനങ്ങള്‍
അടുത്തവര്‍ഷം (2023-24) കേരളമടക്കം 9 സംസ്ഥാനങ്ങളുടെ വളര്‍ച്ച ദേശീയ ശരാശരിക്കും മുകളിലായിരിക്കുമെന്നാണ് അതത് സംസ്ഥാനങ്ങളുടെ ബജറ്റ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശാണ് 19.1 ശതമാനം വളര്‍ച്ചയുമായി മുന്നിലെത്തുക.
അസാം (15 ശതമാനം), തമിഴ്‌നാട് (14 ശതമാനം), ഗുജറാത്ത് (13.3 ശതമാനം), ഹരിയാന (13 ശതമാനം), ഒഡിഷ (12.5 ശതമാനം), രാജസ്ഥാന്‍ (11.5 ശതമാനം), ജാര്‍ഖണ്ഡ് (11.1 ശതമാനം) എന്നിങ്ങനെയും വളര്‍ച്ചയാണ് അടുത്ത സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്നത്. കേരളമടക്കം ഈ 9 സംസ്ഥാനങ്ങളുടെയും ശരാശരി വളര്‍ച്ചാപ്രതീക്ഷ 14 ശതമാനമാണ്. ഇതിലും താഴെയാണ് ദേശീയ വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
Tags:    

Similar News