ഒരു രാജ്യത്തിന്റെ പ്രതിച്ഛായയോ മൂല്യമോ അളക്കുക വളരെ വിഷമകരമാണ്. എന്നാൽ ഉൽപ്പന്നങ്ങളുടേത് പോലെ സമൂഹ്യസ്ഥിതി, നിക്ഷേപം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യങ്ങൾക്കും ഒരു 'ബ്രാൻഡ് മൂല്യം' നൽകിയാൽ എങ്ങനെയിരിക്കും.
അങ്ങനെയൊരു മൂല്യനിർണ്ണയം നടത്തിയിരിക്കുകയാണ് കോർപറേറ്റ് സ്ഥാപനങ്ങളുടെ ബ്രാൻഡുകൾക്ക് മൂല്യം നിശ്ചയിക്കുന്ന 'ബ്രാൻഡ് ഫ്രാൻസ്' എന്ന സ്ഥാപനം.
യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഇന്ത്യയ്ക്ക് ഒൻപതാമത്തെ സ്ഥാനമാണ്. ബ്രാൻഡ് മൂല്യം 2,159 ബില്യൺ ഡോളർ ആണ്. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. വളരെ ശക്തമായ ബ്രാൻഡ് നിലവാരം സൂചിപ്പിക്കുന്ന AA റേറ്റിംഗ് ആണ് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്.
യുഎസ്, ചൈന, ജർമ്മനി, യു.കെ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ഇറ്റലി, ഇന്ത്യ, സൗത്ത് കൊറിയ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ. ഓസ്ട്രേലിയ, സ്പെയിൻ, നെതർലാൻഡ്‌സ്, മെക്സിക്കോ, സ്വിറ്റ്സർലൻഡ്, ഇന്തോനേഷ്യ, ബ്രസീൽ, റഷ്യ, സ്വീഡൻ, യു.എ.ഇ എന്നിവയാണ് 11 മുതൽ 20 വരെയുള്ള സ്ഥാനങ്ങളിൽ.
യുഎസിന്റെ സ്വതന്ത്ര വിപണി നയമാണ് ആ രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥയെ ഇപ്പോഴും നയിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസുമായുള്ള വ്യാപാരയുദ്ധത്തിന്റെ ആശങ്കകൾ ഉണ്ടെങ്കിലും ചൈന രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ആ രാജ്യത്തിന്റെ ഈയിടെ ഉണ്ടായ ചില ഫലപ്രദമായ അന്താരാഷ്ട്ര ഇടപെടലുകൾ മൂലമാണെന്നും ബ്രാൻഡ് ഫ്രാൻസ് പറയുന്നു.