പാരീസില്‍ പോയി പഠിക്കാം, അഞ്ച് കൊല്ലം ജോലിയും ചെയ്യാം
ഫ്രാന്‍സില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെ വര്‍ക്ക് വിസ;
ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞ് അഞ്ച് വര്‍ഷത്തേക്ക് വര്‍ക്ക് വിസ ലഭിക്കും. ഫ്രാന്‍സില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പറഞ്ഞത്.
നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് വര്‍ക്ക് വിസ ലഭിച്ചിരുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഗുണകരമായ നീക്കമാണിത്. കൂടുതല്‍ കാലം ജോലി ചെയ്യാനും അനുഭവം നേടാനും സാധിക്കുന്നതിനൊപ്പം ഫ്രാന്‍സില്‍ സ്ഥിര താമസമാക്കാനുള്ള അവസരവും ഇതു വഴി ലഭിക്കും.
സുപ്രധാന ചര്‍ച്ചകള്‍
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി പാരീസിലെത്തിയത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ മോദിയെ പാരിസിലെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. ഇന്ന് ഫ്രഞ്ച് ദേശീയ ദിനത്തില്‍ പങ്കെടുക്കുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധമേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതടക്കം ചര്‍ച്ച ചെയ്യും.