അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും  തിരിച്ചെത്തി; എണ്ണിത്തീർത്ത് ആർബിഐ 

Update: 2018-08-29 11:11 GMT

അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. 2017-18 വാർഷിക റിപ്പോർട്ടിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവാക്കിയത്. തിരിച്ചെത്താതിരുന്നത് വെറും 10720 കോടി രൂപ മാത്രം.

നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ലെന്നും 3 ലക്ഷം കോടി രൂപ തിരികെ വരുമെന്നുള്ള പ്രധാന മന്ത്രിയുടെ പ്രഖ്യാപനങ്ങൾ പാഴ്വാക്കായെന്നും മുൻ ധനമന്ത്രി പി ചിദംബരം, കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവർ ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനത്തിന് ശേഷം, പുതിയ നോട്ട് അച്ചടിക്കുന്നതിനും വിതരണത്തിനും മറ്റുമായി ആർബിഐ ഏകദേശം 8000 കോടി രൂപയോളം ചെലവാക്കിയിരുന്നു.

അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്. ഹൈ-സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആൻഡ് പ്രൊസസിങ് സിസ്റ്റം (CVPS) ഉപയോഗിച്ചാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തിയത്.

Similar News