ഒപ്പുവച്ചു, തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിക്ക് കൈമാറി

ചിത്രം പങ്കുവച്ചാണ് എ.എ.ഐ ഇക്കാര്യം ടിറ്ററിലൂടെ അറിയിച്ചത്

Update: 2021-01-19 12:52 GMT

ഏറെ നാളത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറി. ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) വ്യക്തമാക്കി. തിരുവനന്തപുരം കൂടാതെ ജയ്പൂര്‍, ഗുഹാവത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപ്പിന് കൈമാറിയതായി എ.എ.ഐ ട്വീറ്റ് ചെയ്തു. ഇതോടെ അദാനി ഗ്രൂപ്പിന്റെ കീഴില്‍ നടത്തിപ്പ് ചുമതലയുള്ള വിമാനത്താവളങ്ങളുടെ എണ്ണം ആറായി. നേരത്തെ, മംഗളൂരു, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവയുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് നേടിയിരുന്നു. കരാര്‍ കൈമാറുന്ന ചിത്രം പങ്കുവച്ചാണ് എ.എ.ഐ ഇക്കാര്യം ടിറ്ററിലൂടെ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് അനുമതി നല്‍കിയത്. ഇതിനെതിരേ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് കരാറില്‍ ഒപ്പുവച്ചത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹെക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളിയിരുന്നു.
എ.എ.ഐയുടെ ചെയര്‍മാന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അദാനി എന്റര്‍പ്രൈസസിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഗുഹാവത്തി, ജയ്പൂര്‍, തിരുവനന്തരപുരം വിമാനത്താവളങ്ങള്‍ പാട്ടത്തിന് കൈമാറിക്കൊണ്ടുള്ള കരാറില്‍ ഒപ്പുവച്ചത്. എ.എ.ഐ.ഇ.ഡി എന്‍.വി സുബ്ബരൈയുഡു അദാനി എയര്‍പോര്‍ട്ട് സി.ഇ.ഒ ബെഹ്നാദ് സംദി എന്നിവര്‍ കരാറുകള്‍ പരസ്പരം കൈമാറി.


Tags:    

Similar News