ബജറ്റ് 2023; സമ്മിശ്ര പ്രതികരണവുമായി കാര്‍ഷിക, വ്യവസായ വിദഗ്ധര്‍
കേന്ദ്ര ബജറ്റ്; മുന്‍ ബജറ്റില്‍ നിന്ന് മെച്ചപ്പെട്ട ബജറ്റാണിതെന്ന് പലരും
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വലിയ ഘടനാപരമായ പരിഷ്‌കാരങ്ങളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കാര്‍ഷിക വിദഗ്ധരും വ്യവസായ വിദഗ്ധരും അഭിപ്രായപ്പെട്ടു. ബജറ്റ് നിര്‍ദ്ദേശങ്ങളോട് വിദഗ്ധരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഇതോടെ കോര്‍പ്പറേറ്റ് അനുകൂല ബജറ്റാണിതെന്ന് ആരോപിച്ച് കര്‍ഷക സംഘടനയായ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഫെബ്രുവരി 13ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അവശ്യസാധന നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി വ്യവസായ പ്രമുഖര്‍ നിരീക്ഷിച്ചു.
ഇന്ത്യന്‍ ഫാര്‍മേസ് ഫേര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ്
കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപവും മൂലധന രൂപീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് കുറച്ച് പദ്ധതികളേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും സഹകരണ സംഘങ്ങളുടെ നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കുന്നതിനുള്ള നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നതായി വളം സഹകരണ സ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മേസ് ഫേര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് അറിയിച്ചു. ഈ നടപടികള്‍ സഹകരണ സംഘങ്ങളെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ നവീനമായ കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ഐഎഫ്എഫ്‌സിഓ മാനേജിംഗ് ഡയറക്ടര്‍ യു എസ് അവസ്തി പറഞ്ഞു.
ദേശീയ ക്ഷീരവികസന ബോര്‍ഡ്
ക്ഷീരമേഖല സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ പ്രഖ്യാപിച്ച നടപടികള്‍ പാലുല്‍പ്പാദനം 6 ശതമാനത്തിലേറെയായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ബജറ്റിനെ അഭിനന്ദിച്ചുകൊണ്ട് ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍ഡിഡിബി) ചെയര്‍മാന്‍ ദിലീപ് രഥ് പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനെ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്എസ്‌ഐഐ, എസ്ഇഎ
കാര്‍ഷിക മേഖലയ്ക്ക് സമ്മിശ്ര ഫലമാണ് ബജറ്റെന്ന് ഫെഡറേഷന്‍ ഓഫ് സീഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (എഫ്എസ്‌ഐഐ) ഡയറക്ടര്‍ ജനറല്‍ റാം കൗണ്ഡിന്യ അഭിപ്രായപ്പെട്ടു. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് എണ്ണക്കുരുക്കളുടെ ഉയര്‍ന്ന ഉല്‍പ്പാദനത്തിനുള്ള പ്രോത്സാഹന പാക്കേജ് ഈ വര്‍ഷമെങ്കിലും സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ എണ്ണ വ്യവസായ സ്ഥാപനമായ സോള്‍വെന്റ് എക്‌സ്ട്രാക്റ്റര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പറഞ്ഞു.
എന്‍സിഡിഇഎക്സ്, എന്‍സിഎംഎല്‍
കൃഷി, ജലസേചനം, ഗ്രാമവികസനം എന്നിവയ്ക്ക് 2.83 ലക്ഷം കോടി രൂപ അനുവദിച്ചത് ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രേരണ നല്‍കുമെന്ന് നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ച് (എന്‍സിഡിഇഎക്സ്) എംഡിയും സിഇഒയുമായ വിജയ് കുമാര്‍ പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് പരിമിതമായ പുതിയ പദ്ധതികളുണ്ടായിരുന്ന മുന്‍ ബജറ്റില്‍ നിന്ന് മെച്ചപ്പെട്ട ബജറ്റാണിതെന്ന് നാഷണല്‍ കൊളാറ്ററല്‍ മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് ചെയര്‍മാന്‍ സഞ്ജയ് കൗള്‍ പറഞ്ഞു.