കേരളത്തില്‍ പച്ചക്കറി, പഴം കൃഷി പിന്നോട്ട്; പൈനാപ്പിളും ഇഞ്ചിയും മുന്നോട്ട്
സംസ്ഥാനത്ത് നെല്‍കൃഷിയും കുറയുന്നു
നെല്ലും പയറും പച്ചക്കറിയൊന്നുമല്ല, മലയാളികള്‍ക്ക് ഇപ്പോള്‍ കൃഷി ചെയ്യാന്‍ പ്രിയം പൈനാപ്പിളും ഇഞ്ചിയും. 2021-22 കാര്‍ഷിക വര്‍ഷത്തിലെ കണക്ക് നോക്കിയാല്‍ കേരളത്തില്‍ നെല്ല്, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, തോട്ടവിളകള്‍ തുടങ്ങി എല്ലാത്തിന്റേയും കൃഷി കുറഞ്ഞു വരികയാണ്. വിരലില്‍ എണ്ണാവുന്ന വിളകള്‍ക്ക് മാത്രമേ അല്‍പ്പം അഭിവൃദ്ധിയുള്ളുവെന്ന് സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നെല്‍കൃഷിയിലും പച്ചക്കറികൃഷിയിലും വന്‍ കുറവ്
2021-22 കാര്‍ഷിക വര്‍ഷത്തില്‍ 1.97 ലക്ഷം ഹെക്ടറിലാണ് നെല്ല് പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ കൃഷി നടന്നത്. ഇതില്‍ നെല്‍കൃഷിയിലുണ്ടായ കുറവും ചെറുതല്ലെന്ന് തന്നെ പറയാം. 2021-22ല്‍ മൊത്തം 1.95 ഹെക്ടറിലാണ് നെല്‍കൃഷി നടന്നത്. മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ കൃഷി ചെയ്ത സ്ഥലത്തിന്റെ വിസ്തൃതിയില്‍ 9306.3 ഹെക്ടര്‍ അഥവാ 4.82% കുറവാണുണ്ടായത്.
അധികൃതര്‍ വേണ്ട രീതിയിലുള്ള പഠനം നടത്താത്തതും പ്രോത്സാഹനം നല്‍കാത്തതും നെല്‍കൃഷി കുറയുന്നതിന്റെ വലിയൊരു കരണമാണെന്ന് പത്തനംതിട്ട ആറന്‍മുളയിലെ നെല്‍കര്‍ഷകനായ ഉത്തമന്‍ പറഞ്ഞു. ഇത് കൂടാതെ പല കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാക്കാത്തതും മറ്റൊരു കാരണമാണ്. നെല്‍കൃഷി കുറയുന്നതില്‍ തൊഴിലാളി പ്രശ്‌നങ്ങളുമുണ്ട്. നാട്ടിലുള്ളവരെ ഇതിന് കിട്ടാറില്ല.അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൂലി കൂടുതലാണെന്നും നെല്‍ കൃഷിയില്‍ നിന്നും പിന്തിരിയാന്‍ ഇതൊരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ന് ശേഷം തന്റെ നെല്‍കൃഷിയും കുറഞ്ഞു വരികയാണെന്നും ഉത്തമന്‍ പറഞ്ഞു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പയര്‍വര്‍ഗ്ഗങ്ങളുടെ കൃഷിയും കുറയുകയാണുണ്ടായത്. പയര്‍വര്‍ഗ്ഗങ്ങളുടെ കൃഷി 567 ഹെക്ടര്‍ കുറഞ്ഞ് 1,439 ഹക്ടറായി. ഇതില്‍ മൊത്തം കൃഷിയുടെ 40.58 ശതമാനത്തോടെ മുന്നില്‍ കണ്ണൂര്‍ ജില്ലയാണുള്ളത്. 2021-22ല്‍ 38,386 ഹെക്ടറിലാണ് പച്ചക്കറി കൃഷി ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ പച്ചക്കറി കൃഷിയുടെ മൊത്തം വിസ്തൃതി 4.78% കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ കാണാം. ഇതില്‍ മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021-22ല്‍ മരച്ചീനി (കപ്പ) കൃഷിയുടെ മൊത്തം വിസ്തൃതിയില്‍ 13.36% കുറവാണുണ്ടായത്.
പഴവര്‍ഗകൃഷിയും കുറഞ്ഞു; തിളക്കം പൈനാപ്പിളിന് മാത്രം
പഴവര്‍ഗകൃഷിയും കുറഞ്ഞുവരികയാണ്. 3.06 ലക്ഷം ഹെക്ടറിലാണ് ഫലവര്‍ഗ കൃഷി നടന്നത്. മാമ്പഴം, പൈനാപ്പിള്‍, റംബൂട്ടാന്‍, മാങ്കോസ്റ്റീന്‍ ഓറഞ്ച്, വാഴ, ചക്ക തുടങ്ങിയവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാന പഴവര്‍ഗങ്ങള്‍. ഇതില്‍ ഏതാണ്ട് 11% പഴവര്‍ഗങ്ങളുടെ കൃഷി നടന്നതും പാലക്കാട് തന്നെ. മാമ്പഴക്കൃഷി കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 4,152 ഹെക്ടര്‍ കുറഞ്ഞു. ഏട്ടു വര്‍ഷത്തിനിടെ വാഴക്കൃഷിയില്‍ 15% കുറവാണ് അനുഭവപ്പെട്ടത്. ചക്കയുടെ കാര്യമെടുത്താലും സ്ഥിതി മറിച്ചല്ല. രണ്ട് വര്‍ഷത്തിനിടെ ചക്കക്കൃഷിയില്‍ 4,334 ഹെക്ടറിന്റെ കുറവാണുണ്ടായത്.
അതേസമയം പൈനാപ്പിള്‍ കൃഷി മാത്രമാണ് ആശ്വാസത്തിനുള്ള വക നല്‍കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4% വര്‍ധനയോടെ 11,508 ഹെക്ടര്‍ സ്ഥലത്താണ് പൈനാപ്പിള്‍ കൃഷി ചെയ്തത്. റബര്‍ മരങ്ങള്‍ വെട്ടിമാറ്റുന്നിടത്ത് പലരും പൈനാപ്പിള്‍ കൃഷി ഇന്ന് ചെയ്തുവരുന്നതായി കര്‍ഷകര്‍ പറയുന്നു. ഇനി കേരളത്തിന്റെ കാര്‍ഷിക കയറ്റുമതിയില്‍ ഒരു പ്രധാന സംഭാവന നല്‍കുന്ന കശുവണ്ടി ഉള്‍പ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്‌സിന്റെ കാര്യമെടുത്താല്‍ വലിയ മെച്ചമില്ലെന്ന് തന്നെ പറയാം. മുന്‍വര്‍ഷത്തേക്കാള്‍ കശുമാവ് കൃഷിയില്‍ 14.65% കുറവാണ് രേഖപ്പെടുത്തിയത്. ആകെ കൃഷി നടന്നത് 32,369 ഹെക്ടര്‍ സ്ഥലത്ത്. കശുമാവ് കൃഷിയുടെ വിസ്തൃതി കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി കുറയുകയാണ്.
എണ്ണക്കുരു കൃഷിയില്‍ നേരിയ വര്‍ധന
നാളികേരം,നിലക്കടല, എള്ള് തുടങ്ങിയവയാണ് നമ്മുടെ സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പ്രധാന എണ്ണക്കുരുക്കള്‍. 7.68 ലക്ഷം ഹെക്ടറിലാണ് എണ്ണക്കുരു കൃഷി നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തില്‍ 0.45% നേരിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. എണ്ണക്കുരു കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ 99.65% വരുന്ന ഒന്നാണ് എണ്ണക്കുരു വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്ന നാളികേരം. എന്നിരുന്നാലും അവലോകന വര്‍ഷത്തില്‍ നേരിയ കുറവുണ്ടായി.അതേസമയം നിലക്കടലയുടെ കൃഷി വര്‍ധിച്ചു.
തോട്ടവിളകളും സുഗന്ധവ്യഞ്ജനങ്ങളും
തേയില, കാപ്പി, റബര്‍, കൊക്കോ എന്നീ കേരളത്തിലെ തോട്ടവിളകള്‍ 2021-22ല്‍ 685,309 ഹെക്ടറിലാണ് കൃഷി ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിസ്തൃതിയില്‍ 0.25% കുറവുണ്ടായി. തോട്ടവിളകളുടെ കൃഷിയില്‍ 80.41% പ്രതിനിധീകരിച്ച് റബറാണ് ഒന്നാം സ്ഥാനത്തുള്ളത്. 2021-22ല്‍ 5.51 ലക്ഷം ഹെക്ടറിലാണ് റബര്‍ കൃഷി ചെയ്തത്. ഇതില്‍ മുന്നില്‍ കോട്ടയം ജില്ലയും തൊട്ടുപിന്നില്‍ എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളുമാണ്. തേയില 35,872 ഹെക്ടറിലും കാപ്പി 85,880 ഹെക്ടറിലും കൊക്കോ 12,527 ഹെക്ടറിലുമാണ് കൃഷി ചെയ്തത്.
കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലം, ഗ്രാമ്പൂ, ജാതിക്ക, കറുവപ്പട്ട തുടങ്ങി കേരളത്തിന്റെ സുഗന്ധവ്യഞ്ജന കൃഷി 2021-22 കാര്‍ഷിക വര്‍ഷത്തില്‍ 2.47 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നടന്നത്. മഞ്ഞള്‍,അടയ്ക്കാ, ജാതിക്ക, വാനില, ഗ്രാമ്പൂ തുടങ്ങിയവയുടെ കൃഷി കുറഞ്ഞതായി കാണാം. ഈ കുറവ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നതില്‍ സംശയമില്ല. അതേസമയം സുഗന്ധവ്യഞ്ജനങ്ങളില്‍ ഇഞ്ചി, കറുവപ്പട്ട തുടങ്ങിയവയുടെ കൃഷിയില്‍ ഉയര്‍ച്ചയുണ്ടായി. എങ്കിലും പൊതുവേ സുഗന്ധവ്യഞ്ജന കൃഷി കുറഞ്ഞതായി കാണാം. ഔഷധകൃഷിയുടെ കാര്യവും മറിച്ചല്ല. ഒരു വര്‍ഷത്തിനിടെ 8.58 ഹെക്ടര്‍ ഔഷധകൃഷിയാണ് കേരളത്തില്‍ കുറഞ്ഞത്.