ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടം, സൗകര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
സംരംഭകത്വത്തോടുള്ള അഭിനിവേശവും നൂതന സാങ്കേതിക ഉള്‍ക്കൊള്ളുന്നതിനുള്ള സന്നദ്ധതയും ഇന്ത്യക്കാരിലുണ്ടെന്നും അത് നിക്ഷേപകര്‍ക്ക് നേട്ടമാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി;
പ്രതിസന്ധങ്ങളില്ലാതെ ബിസിനസിന് തുടക്കം കുറിക്കാനും നടത്തിക്കൊണ്ടു പോകാനും ഇന്ത്യ ഇപ്പോള്‍ പറ്റിയ ഇടമാണെന്ന് പ്രധാനമന്ത്രി. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.അടിസ്ഥാന വികസന മേഖലയിലെ വമ്പന്‍ പദ്ധതികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് നികുതി ലഘൂകരിച്ചതും 25000ത്തിലേറെ നിബന്ധനകള്‍ കഴിഞ്ഞ വര്‍ഷം കുറച്ചു കൊണ്ടു വന്നതും അദ്ദേഹം എടുത്തു പറഞ്ഞു.
കോവിഡ് 19 വാക്‌സിനായുള്ള കോവിന്‍ പോര്‍ട്ടല്‍ ഉള്‍പ്പടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലും രാജ്യം പുരോഗതി നേടി. രാജ്യത്ത് 50 ലക്ഷത്തിലേറെ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ് രാജ്യത്തുണ്ട്. യൂണികോണ്‍ കമ്പനികളുടെ കാര്യത്തില്‍ ലോകത്ത് തന്നെ മൂന്നാമതാണ് ഇന്ത്യ. കഴിഞ്ഞ ആറു മാസത്തിനിടയില്‍ മാത്രം 10000ത്തിലേറെ സ്റ്റാര്‍ട്ടപ്പുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നൂതന സാങ്കേതികവിദ്യയും ഇന്നവേഷനും ഉള്‍ക്കൊള്ളുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലാണ്. സംരംഭകത്വത്തോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശവും രാജ്യം മികച്ച നിക്ഷേപയിടമാക്കി മാറ്റുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രകാരം 14 മേഖലകളിലെ വ്യവസായങ്ങള്‍ക്ക് 26 ശതകോടി ഡോളറിന്റെ ഇളവുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.