20,000 ഡോളറെന്ന റിക്കാര്‍ഡ് ഉയരത്തിനടുത്തേക്ക് ബിറ്റ്‌കോയിന്‍; വിപണിയില്‍ വീണ്ടും ആവേശം

ബിറ്റ്‌കോയിന്‍ യൂണിറ്റ് ചൊവ്വാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 19,768.70 ഡോളര്‍ ആണ് രേഖപ്പെടുത്തിയത്.

Update: 2020-12-01 11:19 GMT

ഏറ്റവും ഡിമാന്‍ഡുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ചൊവ്വാഴ്ച റിക്കാര്‍ഡ് ഉയരത്തിലെത്തി. തിങ്കളാഴ്ചത്തെ 19, 109 ഡോളര്‍ എന്ന റിക്കാര്‍ഡ് ഉയര്‍ച്ചയില്‍ നിന്നും ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്ന് 19,768.70 ഡോളര്‍ ആയി. വിര്‍ച്വല്‍ കറന്‍സിയെ സുരക്ഷിത താവളമായും പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായും കണ്ടുകൊണ്ടുള്ള റീറ്റെയ്ല്‍ നിക്ഷേപകരുടെ ആവശ്യം വര്‍ധിച്ചതോടെയാണ് നിരക്ക് കുതിച്ചുയര്‍ന്നത്. 2018 ന് ശേഷം കഴിഞ്ഞ മാസമാണ് 18,000 ഡോളറിലേക്ക് ബിറ്റ്‌കോയിന്‍ ഉണര്‍വ് രേകപ്പെടുത്തിയത്. പിന്നീട് നേരിയ ഇടിവുകളിലും മേലേക്ക് തന്നെ ഉയര്‍ന്നാണ് ഈ ക്രിപ്‌റ്റോകറന്‍സിയുടെ പോക്ക്.

ബിറ്റ്‌കോയിന്‍ യൂണിറ്റ് തിങ്കളാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 19,109 യുഎസ് ഡോളര്‍ ആണ് രേഖപ്പെടുത്തിയത്. ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച മുന്‍ റിക്കാര്‍ഡാണ് ഇന്നലെ ബിറ്റ് കോയിന്‍ തകര്‍ത്തത്. അഞ്ച് ശതമാനം വര്‍ധനവാണ് ഇന്നലെ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച, ബിറ്റ്‌കോയിന്‍ 8% ത്തില്‍ കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് തിങ്കളാഴ്ചയാണ് വീണ്ടും ഉയര്‍ന്നത്.

സാമ്പത്തിക ഉത്തേജനം, പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്ന നിക്ഷേപങ്ങളിലുള്ള ആകര്‍ഷണം, ക്രിപ്‌റ്റോകറന്‍സികള്‍ മുഖ്യധാരാ സ്വീകാര്യത നേടുമെന്ന പ്രതീക്ഷകള്‍ എന്നിവയ്ക്കിടയില്‍ ഈ വര്‍ഷം ബിറ്റ്‌കോയിന്‍ മൊത്തത്തില്‍ 150% നേട്ടമുണ്ടാക്കി.

ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള റീറ്റെയ്ല്‍ നിക്ഷേപകര്‍ ആവേശത്തോടെ ബിറ്റ്‌കോയിന്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ ബിറ്റ്‌കോയിന്റെ നിരക്ക് ഉയരാന്‍ തുടങ്ങിയന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags:    

Similar News