നിര്‍മല സീതാരാമന്റെ ആദ്യ ബജറ്റ്: പ്രതീക്ഷകൾ വാനോളം

Update:2019-07-05 10:05 IST

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തളര്‍ച്ചയിലായ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പരക്കെയുള്ള പ്രതീക്ഷ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇതിനിടെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയെന്നതും വലിയ വെല്ലുവിളിയാകും.

തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പേ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കാര്‍ഷിക - ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ഇന്ത്യയെ 2025ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യമാണ് ഇടക്കാല ബജറ്റില്‍ മുന്നോട്ടുവെച്ച ഒരു കാര്യം. പക്ഷേ അതിലേക്കുള്ള വഴി കഠിനമാണ്.

സമ്പദ് രംഗം തളര്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വെയും വെളിവാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക - ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ.

അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായ നികുതിയില്‍ റിബേറ്റ് നല്‍കിയ പ്രഖ്യാപനവും ഇടക്കാല ബജറ്റില്‍ ജനപ്രീതി നേടിയ ഒന്നാണ്. നിലവിലുള്ള 2.5 ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമായി ആദായ നികുതി പരിധി ഉയര്‍ത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ചെറുകിട വ്യവസായ മേഖലയ്ക്കും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും നൈപുണ്യ വികസനത്തിനും പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. ചെലവിടല്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെയ്ക്കാനും സാധ്യതയുണ്ട്.

Similar News