വിദ്യാഭ്യാസ, ഐടി മേഖലയിലുള്ളവര്‍ ബജറ്റിനെക്കുറിച്ചു പറയുന്നത് കേള്‍ക്കാം

സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തിയത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രയോജനകരമാകും. ഐടി കമ്പനികള്‍ക്ക് നേരിട്ടില്ലെങ്കിലും സ്റ്റാര്‍ട്ടപ്പ് പ്രഖ്യാപനങ്ങള്‍ മേഖലയ്ക്ക് പ്രതീക്ഷ. പ്രമുഖര്‍ പറയുന്നത് കേള്‍ക്കാം.

Update: 2021-02-01 14:47 GMT

എല്ലാ മേഖലകളിലും ഭാവനാത്മകമായ വികസന കാഴ്ചപ്പാടുകള്‍ കൊണ്ടുവരാന്‍ മതിയായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രത്യേക പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സര്‍ക്കാര്‍ ചെലവ് പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഗുണകരമാകുമെന്ന് അമിറ്റി ഗ്ലോബല്‍ ബിസിനസ് സ്‌കൂള്‍ ഡയറക്റ്റര്‍ പ്രൊഫ. ബിജു വിതയത്തില്‍. സിഐഐ സംഘടിപ്പിച്ച ബജറ്റ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച തുടക്കമാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ വരും വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസംഗത്തിലൂടെ കണ്ടത്. മറ്റ് മേഖലകളിലെയും അടിസ്ഥാന സൗകര്യ വികസന രംഗത്തെയും പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമാണ്. ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടാണ് രാജ്യത്തെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള വിവധ പ്രഖ്യാപനങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുന്‍ പ്രതീക്ഷയില്‍ നിന്നു വിഭിന്നമായി ഈ ബജറ്റില്‍ സ്റ്റാര്‍ട് അപ്പുകള്‍ക്കും ഐടി മേഖലയ്ക്കും ഏറ്റവും കുറഞ്ഞ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് ആബാ സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് സുജാസ് അലി പറയുന്നു. എങ്കിലും ഒരാള്‍ക്ക് ഒരു കമ്പനി രൂപീകരിക്കാമെന്നതും. ഒരു വര്‍ഷം കൂടി വായ്പാ ഇളവുകള്‍ നീട്ടിയതും മേഖലയെ തുണച്ചിട്ടുണ്ട്. ഐടി മേഖലയിലേക്ക് നേരിട്ട് പ്രഖ്യാപനങ്ങള്‍ ഇല്ലെങ്കില്‍ കൂടി സ്റ്റാര്‍ട്ടപ്പിലെ ആശ്വാസ പ്രഖ്യാപനങ്ങള്‍ ഐടി കമ്പനികള്‍ക്ക് ഗുണകരമാകും.
സ്റ്റാര്‍ട്ടപ്പിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ വരാനുതകുന്ന തീരുമാനങ്ങളാണ് ഇന്നത്തെ ബജറ്റില്‍ കണ്ടതെന്ന് ടെക്‌നോ വാലി സോഫ്റ്റ് വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി രാജേഷ് കുമാര്‍ പ്രതികരിച്ചു. വ്യക്തിഗതമായി കമ്പനിരൂപീകരിക്കാനുള്ള അംഗീകാരത്തിനായി കാത്തിരുന്ന നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News