ആരോഗ്യ മേഖലയ്ക്ക് കരുത്ത്, സാധാരണക്കാര്‍ക്കും ഗുണകരം
ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങളെക്കുറിച്ച് പങ്കജകസ്തൂരി ഹെര്‍ബല്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ ജെ ഹരീന്ദ്രന്‍ നായര്‍, കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ പറയുന്നു.;
ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുമായി ഫണ്ട് വകയിരുത്തുന്നതിലെ വലിയ വര്‍ധനവിനെ പങ്കജകസ്തൂരി സ്വാഗതം ചെയ്യുന്നുവെന്ന് പങ്കജകസ്തൂരി ഹെര്‍ബല്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ ജെ ഹരീന്ദ്രന്‍ നായര്‍. കാലങ്ങളായി, സാമ്പത്തിക വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമാണ് ആരോഗ്യമേഖല. ആത്മനിര്‍ഭര്‍തയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനുള്ള ആറ് തൂണുകളില്‍ ആരോഗ്യരംഗവും പട്ടികപ്പെടുത്തിയിരിക്കുന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംയോജിത പൊതുജനാരോഗ്യ ലാബുകളും ആരോഗ്യ വിവര പോര്‍ട്ടലുകളും സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, മുമ്പുണ്ടായിരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ പുതിയ മരുന്ന് കണ്ടെത്തലിനോട് കൂടുതല്‍ സമഗ്രമായ സമീപനം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സ്വസ്ത് ഭാരത് യോജനയ്ക്കും മറ്റ് പൊതുജനാരോഗ്യ പദ്ധതികള്‍ക്കും കീഴില്‍ ആയുര്‍വേദത്തെ മുന്‍കൂട്ടി പ്രോത്സാഹിപ്പിക്കുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സൗജന്യ ഇന്‍ഷുറന്‍സ് വരും, വാക്‌സിനേഷനും സൗജന്യമായേക്കും
സാധാരണക്കാരനും താങ്ങാവുന്ന ചികിത്സാരീതിയ്ക്ക് !ഒരു വന്‍ തുടക്കമായാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങളെ നോക്കിക്കാണുന്നതെന്ന് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ പ്രവീണ്‍ കുമാര്‍. ആരോഗ്യ മേഖലയിലെ വികസനത്തിനായി 64,180 കോടി രൂപയുടെ പുതിയ പാക്കേജാണ് ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വയം പര്യാപ്ത ഭാരതം ലക്ഷ്യമിട്ടുള്ള ബജറ്റ് ആരോഗ്യ മേഖലയ്ക്ക് നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. 64,180 കോടി രൂപയുടെ പാക്കേജിലൂടെ ആരോഗ്യമേഖലയിലെ നിക്ഷേപത്തില്‍ 137 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബജറ്റിനേക്കാള്‍ 2.47 കൂടുതലാണ് ഇത്. ആരോഗ്യ മേഖലയിലെ വലിയ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ, സൗഖ്യമേഖലയ്ക്കായി വകയിരുത്തിയിട്ടുള്ള 2,23,846 കോടിയുടെ പാക്കേജില്‍ 35,000 കോടി രൂപ കോവിഡ് വാക്‌സിന്റെ ഗവേഷണ പരീക്ഷണങ്ങള്‍ക്കും നിര്‍മാണത്തിനും മാത്രമാണ്. നിലവില്‍ രണ്ടു വാക്‌സിനുകളാണു രാജ്യത്ത് ഉപയോഗിക്കുന്നത്. രണ്ടെണ്ണം കൂടി ഉടന്‍ വരുമെന്നും പ്രഖ്യാപനമുണ്ട്. കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ സൗജന്യമായി എത്തിയേക്കാന്‍ ഇതു വഴി വയ്ക്കുമെന്നും പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു.