ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി തുടരും

2018 മുതല്‍ ശക്തികാന്ത ദാസ് ആണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Update:2021-10-29 10:16 IST

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് മൂന്നു വര്‍ഷം കൂടി തുടരും. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്ന്റ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന 2021 ഡിസംബര്‍ 10 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. 2018 ലാണ് 25 ാമത് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് നിയമിതനാകുന്നത്. അതിനു മുമ്പ് 15ാമത് ഫിനാന്‍സ് കമ്മീഷന്‍ അംഗമായിരുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഫിനാന്‍സ്, നികുതി, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ 38 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയം അദ്ദേഹത്തിനുണ്ട്. ധനകാര്യമന്ത്രാലയത്തില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് എട്ട് കേന്ദ്ര ബജറ്റുകള്‍ തയാറാക്കുന്നതില്‍ ശക്തികാന്ത ദാസിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് തുടങ്ങിവയിലും പ്രമുഖ സ്ഥാനം വഹിച്ചിരുന്നു. ഐഎംഎഫ്, ജി20, ബ്രിക്‌സ്, സാര്‍ക് തുടങ്ങിയ വേദികളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ആര്‍ബിഐ ഗവര്‍ണറായിരിക്കേ, പലിശ നിരക്ക് റെക്കോര്‍ഡ് താഴ്ചയിലേക്ക് കുറയ്ക്കുകയും കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് പണ ലഭ്യത ഉറപ്പു വരുത്തുന്ന നടപടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.


Tags:    

Similar News