കരുതല്‍ സ്വര്‍ണം വില്‍ക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും തയ്യാറാകുമെന്ന് വിദഗ്ധര്‍

Update:2020-05-16 11:58 IST

ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്ക് കരുതല്‍ സ്വര്‍ണം വില്‍ക്കേണ്ടിവന്നേക്കാമെന്ന് ന്യൂയോര്‍ക്ക്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ധനകാര്യ സേവന കമ്പനിയായ ജെഫറീസിലെ ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം ആഗോള തലവന്‍ ക്രിസ്റ്റഫര്‍ വുഡ്.

നാടകീയമായ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് വുഡ് വിശ്വസിക്കുന്നു. സൗദി അറേബ്യ സാമ്പത്തിക സമ്മര്‍ദ്ദത്താല്‍ മൂല്യവര്‍ദ്ധിത നികുതി നിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചു. ജീവിതച്ചെലവ് അലവന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍, അന്താരാഷ്ട്ര സ്വര്‍ണ്ണ വില ഔണ്‍സിന് 1800-1900 ഡോളറിനപ്പുറം ഉടന്‍ പോകില്ലെന്ന് അദ്ദേഹം കരുതുന്നു. സ്വര്‍ണം 2011 ലാണ് 1921 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 2020 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ഔദ്യോഗിക സ്വര്‍ണ്ണ ശേഖരം 653 ടണ്ണാണ്. സൗദിയിലേത് 323 ടണ്ണും.

വായ്പ തവണകളായി തിരിച്ചടയ്ക്കുന്നതിനു മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതും നീട്ടുന്നതും മൂലമുള്ള വലിയ സമ്മര്‍ദ്ദമാണ് ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്നതെന്ന് വുഡ് ചൂണ്ടിക്കാട്ടി. കൊട്ടക് ബാങ്കിലെ തന്റെ മേല്‍നോട്ടത്തിലുള്ള ഓഹരികള്‍ പിന്‍വലിച്ച് പകരം മാരുതി സുസുക്കിയില്‍ നിക്ഷേപിച്ചത് ഇതു മൂലമാണ്. ആഗോളതലത്തില്‍ ബാങ്ക് ഓഹരികള്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.നിലവിലെ ആരോഗ്യ പ്രതിസന്ധി മൂന്ന് - നാല് മാസ ചക്രത്തിലൊതുങ്ങുമെന്ന അനുമാനത്തിന് സാര്‍വത്രിക സ്വീകാര്യത ലഭിക്കാത്തതാണു മുഖ്യ കാരണം.

എണ്ണ സ്റ്റോക്കുകള്‍ ബുള്ളിഷ് ആയി തുടരുമെന്ന് വുഡ് പറയുന്നു.ഏറ്റവും ശക്തമായ കൊടുങ്കാറ്റിനെ ഈ മേഖല അഭിമുഖീകരിച്ചുകഴിഞ്ഞു. ഓട്ടോ സ്റ്റോക്കുകളുടെ കാര്യത്തിലും സ്ഥതി ഏകദേശം ഇതു തന്നെ. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയും ബുള്ളിഷ് ആയിരിക്കുമെന്നാണ് വുഡിന്റെ നിഗമനം. ഗോദ്റെജ് പ്രോപ്പര്‍ട്ടീസും ഡിഎല്‍എഫും മികച്ച ഓപ്ഷനുകളായി ആദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ദീര്‍ഘകാല ഹോള്‍ഡിംഗ് ക്ഷമത ഉള്ള നിക്ഷേപകര്‍ക്ക് ഈ രണ്ട് ഓഹരികളും നിരാശ തരില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News