ഗ്രാറ്റുവിറ്റി നിബന്ധനയില്‍ ഇളവു വരാന്‍ സാധ്യത

Update:2020-08-11 17:41 IST

തൊഴിലാളികള്‍ക്ക് അനുകൂലമായ വിധത്തില്‍ ഗ്രാറ്റുവിറ്റിയുടെ നിബന്ധനകളില്‍ ചില ഇളവുകള്‍ വരുത്താനുള്ള നീക്കവുമായി  കേന്ദ്രസര്‍ക്കാര്‍ .നിലവില്‍ ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള യോഗ്യതയായ അഞ്ച് വര്‍ഷത്തെ തുടര്‍ സേവനമെന്ന നിബന്ധന ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയാക്കി കുറയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

നിലവില്‍ ഒരു കമ്പനിയില്‍ അഞ്ച് വര്‍ഷം സേവനം നടത്തിയ ആള്‍ക്കും, ഈ കാലാവധിക്ക് മുമ്പ് മരിച്ചുപോകുന്നവര്‍ക്കും, രോഗമോ അപകടമോ സംഭവിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ക്കും ആണ് ഗ്രാറ്റുവിറ്റി നല്‍കുന്നത്.തുടര്‍ സേവനകാലാവധി ഒരു വര്‍ഷമാക്കി ചുരുക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രവും ഈ ആശയത്തിലേക്ക് എത്തുന്നത്.ഗ്രാറ്റുവിറ്റി കാലാവധി കുറയ്ക്കണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.പ്രോ-റാറ്റ അടിസ്ഥാനത്തിലോ, ആനുപാതികമായോ തുക നല്‍കണമെന്ന നിര്‍ദ്ദേശവുമുണ്ട്.പൂര്‍ത്തിയാക്കുന്ന ഓരോ വര്‍ഷത്തിനും അര മാസത്തെ വേതനമെന്ന നിലയിലാണ് ഇപ്പോള്‍ അനുവദിച്ചുവരുന്ന  ഗ്രാറ്റുവിറ്റി തുക.

ഗ്രാറ്റുവിറ്റി ഒഴിവാക്കാന്‍ അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാകുന്നതിനു മുമ്പ് ജീവനക്കാരെ തൊഴിലുടമകള്‍ പിരിച്ചുവിടുന്നതായുള്ള ആരോപണം ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് അഞ്ച് വര്‍ഷത്തെ തുടര്‍ സേവനമെന്ന നിബന്ധന ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയാക്കണമെന്ന നിര്‍ദ്ദേശം ശക്തമായത്.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക വിലയിരുത്തലും പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News