പൊതുമേഖലയില്‍ നിന്ന് കൈ നിറയേ കാശ്! പ്രതീക്ഷകളെയും കടത്തിവെട്ടി കേന്ദ്രത്തിന് ലാഭവിഹിത ലോട്ടറി!
നടപ്പുവര്‍ഷത്തെ ലാഭവിഹിതം പുതിയ റെക്കോഡില്‍
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതത്തില്‍ നടപ്പുവര്‍ഷം (2023-24) കേന്ദ്രം വാരിക്കൂട്ടിയത് പ്രതീക്ഷകളെ കടത്തിവെട്ടിയ നേട്ടം. നടപ്പുവര്‍ഷത്തെ ബജറ്റില്‍ ആദ്യം 43,000 കോടി രൂപയാണ് കേന്ദ്രം ലാഭവിഹിതമായി ഉന്നമിട്ടത്. പിന്നീട് ലക്ഷ്യം 50,000 കോടി രൂപയായി ഉയര്‍ത്തി.
എന്നാല്‍, ഇതിനകം ഈ വര്‍ഷം (മാര്‍ച്ച് 15വരെ) 61,149 കോടി രൂപ ലാഭവിഹിതമായി ലഭിച്ചെന്നും പുനര്‍നിര്‍ണയിച്ച ലക്ഷ്യത്തേക്കാള്‍ 22 ശതമാനം അധികമാണിതെന്നും ധനമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിത സമാഹരണമാണിത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (CPSE) മികച്ച പ്രവര്‍ത്തനമാണ് ഉയര്‍ന്ന ലാഭവിഹിതത്തിന് വഴിയൊരുക്കിയതെന്നും ധനമന്ത്രാലയ അധികൃതര്‍ പ്രതികരിച്ചു. നടപ്പുവര്‍ഷത്തെ ബജറ്റ് ലക്ഷ്യം മറികടന്ന് 55,000 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് കേന്ദ്രം കരുതിയിരുന്നത്. എന്നാല്‍, ഇതിനെയും കവച്ചുവച്ച നേട്ടമാണ് ഇക്കുറി ലഭിച്ചത്.
ലാഭവിഹിതത്തിലെ കുതിപ്പ്
2019-20ല്‍ കേന്ദ്രത്തിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 35,543 കോടി രൂപ ലാഭവിഹിതം ലഭിച്ചിരുന്നു. 2020-21ല്‍ ഇത് 39,608 കോടി രൂപയിലേക്കും 2021-22ല്‍ 59,294 കോടി രൂപയും ലഭിച്ചു. 59,533 കോടി രൂപയാണ് 2022-23ല്‍ ലഭിച്ചത്.
മറുവശത്ത് ഓഹരി വില്‍പന പാളുന്നു
ഒരുവശത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലാഭവിഹിതം വാരിക്കൂട്ടുമ്പോഴും പൊതുമേഖലാ ഓഹരി വില്‍പന വഴി വരുമാനം നേടാനുള്ള കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍ പാളുന്നതാണ് കാഴ്ച.
നടപ്പുവര്‍ഷം 30,000 കോടി രൂപ ഓഹരി വില്‍പനയിലൂടെ സമാഹരിക്കുകയായിരുന്നു കേന്ദ്രലക്ഷ്യം. എന്നാല്‍, നടപ്പുവര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇതുവരെ നേടാനായത് 14,700 കോടി രൂപ മാത്രം.
എച്ച്.എ.എല്‍., കോള്‍ ഇന്ത്യ, എസ്.ജെ.വി.എന്‍, ഹഡ്‌കോ, ആര്‍.വി.എന്‍.എല്‍ എന്നിവയുടെ ഓഹരി വില്‍പന (OFS) വഴിയാണ് ഈ വരുമാനം നേടിയത്. ഐ.ഡി.ബി.ഐ ബാങ്ക്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ബെമല്‍, പി.ഡി.ഐ.എല്‍., എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍, എന്‍.എം.ഡി.സി എന്നിവയുടെ ഓഹരി വില്‍പനനീക്കം അടുത്തവര്‍ഷമേ നടക്കാനിടയുള്ളൂ.