കേരളത്തിന് ഈ മാസത്തെ കേന്ദ്ര നികുതി വിഹിതം ₹2,227 കോടി; യു.പിക്ക് ₹21,218 കോടി
പതിവ് ഗഡുവിന് പുറമേ അഡ്വാന്‍സ് ഗഡുവും അനുവദിച്ചെന്ന് കേന്ദ്രം; ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടമാകും
ശമ്പളവും പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ക്കായി വായ്പയെടുക്കാമെന്ന് കരുതിയിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ആശ്വാസം പകര്‍ന്ന് ജൂണിലെ നികുതി വിഹിതമായി 2,227 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 1.18 ലക്ഷം കോടി രൂപയാണ് നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായി അനുവദിച്ചതെന്നും സാധാരണ പ്രതിമാസ വിഹിതമായ 59,140 കോടി രൂപയേക്കാള്‍ ഇരട്ടിയോളം അധികമാണിതെന്നും ധനമന്ത്രാലയം പ്രതികരിച്ചു. 2023 ജൂണില്‍ ലഭിക്കേണ്ട പതിന് ഗഡുവിന് പുറമേ ഒരു അഡ്വാന്‍സ് ഗഡുവും ചേര്‍ത്തുള്ള തുകയാണ് അനുവദിച്ചത്.
സംസ്ഥാനങ്ങള്‍ക്ക് മൂലധനച്ചെലവ് വേഗത്തിലാക്കാനും വികസന/ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണനാ പദ്ധതികള്‍ക്ക് തുക ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് (21,218 കോടി രൂപ), ബിഹാര്‍ (11,897 കോടി രൂപ), മദ്ധ്യപ്രദേശ് (9,285 കോടി രൂപ), മഹാരാഷ്ട്ര (7,472 കോടി രൂപ), രാജസ്ഥാന്‍ (7,128 കോടി രൂപ) എന്നിവയാണ് ഇക്കുറി ഏറ്റവുമധികം നികുതിവിഹിതം നേടിയ സംസ്ഥാനങ്ങള്‍.
തണുക്കാതെ പോര്
ഈമാസത്തെ ശമ്പളവും പെന്‍ഷനുമടക്കമുള്ള ചെലവുകള്‍ക്ക് കടമെടുക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ മാനദണ്ഡം, കാലയളവ് എന്നിവ ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കടുത്ത വാക്‌പോരും നടന്നിരുന്നു. സംസ്ഥാനം കൃത്യമായ കണക്ക് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കേന്ദ്രം ലഭ്യമാക്കിയിട്ടുമില്ല.
കടപരിധി വെട്ടിക്കുറച്ചതിനെ ചൊല്ലി സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും തമ്മില്‍ വാക്‌പോരും ശക്തമായിരുന്നു.
വെട്ടിയത് 17,052 കോടി
സംസ്ഥാനത്തിന് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) മൂന്ന് ശതമാനം വരെ കടമെടുക്കാമെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇതുപ്രകാരം നടപ്പുവര്‍ഷം (2023-24) കേരളത്തിന് 32,440 കോടി രൂപ കടമെടുക്കാം. എന്നാല്‍, കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്ന് ഒറ്റയടിക്ക് 17,052 കോടി രൂപ വെട്ടിക്കുറച്ചതാണ് തര്‍ക്കത്തിന് വഴിവച്ചത്.
വിവിധ ചെലവുകള്‍ക്കായി പ്രതിമാസം ശരാശരി 14,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടത്. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ബജറ്റിതര വായ്പയ്ക്കുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുഖേനയാകും വായ്പ എടുക്കുക.