ക്ഷേമപെൻഷൻ: കേരളം ഉടൻ ₹3,500 കോടി കടമെടുക്കും, കേന്ദ്രത്തിന്റെ പച്ചക്കൊടിയില്‍ അവ്യക്തത
കേന്ദ്രം-കേരളം നിയമയുദ്ധത്തിന് വീണ്ടും കളമൊരുങ്ങുന്നു
ഒടുവില്‍ മൗനം വെടിഞ്ഞ് കേന്ദ്രം. കേരളത്തിന് 21,253 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നടപ്പുവര്‍ഷം (2024-25) ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ നിലവില്‍ അനുവദിച്ച പരിധിയായ 21,253 കോടി രൂപ നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്കാണെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ തേടി കേരളം കേന്ദ്രത്തിന് വീണ്ടും കത്തയച്ചേക്കും.
എടുക്കാവുന്നത് 18,253 കോടി
നിലവില്‍ കേന്ദ്രം അനുവദിച്ചിട്ടുള്ള 21,253 കോടി രൂപയില്‍ 3,000 കോടി രൂപ ഇതിനകം തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. ഫലത്തില്‍, നിലവിലെ അനുമതി പ്രകാരം ഇനിയെടുക്കാനാവുക 18,253 കോടി രൂപയാണ്. ഇത് നടപ്പുവര്‍ഷം ഡിസംബര്‍ വരെയുള്ള പരിധിയായിരിക്കുമെന്നാണ് കേരളം കരുതുന്നത്.
ഇനി 21,253 കോടി രൂപയെന്നത് നടപ്പുവര്‍ഷം ആകെ എടുക്കാവുന്ന കടത്തിന്റെ പരിധിയാണെങ്കില്‍ അത് കേരളവും കേന്ദ്രവും തമ്മില്‍ വീണ്ടുമൊരു നിയമ, രാഷ്ട്രീയപ്പോരിന് വഴിവയ്ക്കും. കാരണം 37,512 കോടി രൂപ എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളില്‍ കേരളമെടുത്ത അധികകടം ഈ പരിധിയില്‍ നിന്ന് വെട്ടിക്കുറച്ചേക്കുമെന്ന് സൂചനകളുണ്ട്.
ഉടനെടുക്കും 3,500 കോടി
കടമെടുക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി കിട്ടിയ പശ്ചാത്തലത്തില്‍ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ വിതരണം ചെയ്യാനായി 3,500 കോടി രൂപ ഉടന്‍ കേരളം കടമെടുക്കും. റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടല്‍ വഴി അടുത്ത ചൊവ്വാഴ്ചയാണ് (May 28) കടമെടുപ്പ്.
അന്ന് കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് കടപ്പത്രങ്ങളിറക്കി ആകെ 21,200 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രപ്രദേശ്, അസം, ജമ്മു കശ്മീര്‍, മിസോറം, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബംഗാള്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
പോര് കടുക്കും
കടമെടുക്കാവുന്ന തുക വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ സമയക്രമം കേന്ദ്രം വ്യക്തമാക്കാത്തത് കേരളത്തെ വലയ്ക്കുന്നുണ്ട്. നിലവില്‍ 21,253 കോടി രൂപ എടുക്കാന്‍ അനുവദിച്ച ഉത്തരവിലും സമയപരിധി പറഞ്ഞിട്ടില്ല.
സാധാരണ ഒരു സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസത്തെ (ഏപ്രില്‍-ഡിസംബര്‍) കടമെടുപ്പിനുള്ള അനുമതി കേന്ദ്രം ആ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നല്‍കാറുണ്ട്. എന്നാല്‍, ഇക്കുറി കേരളത്തിന് മേയ് അവസാനമാണ് അനുമതി ലഭിച്ചിരിക്കുന്നത്.
മാത്രമല്ല, നടപ്പുവര്‍ഷം 44,528 കോടി രൂപ കടമെടുക്കാനാണ് ബജറ്റില്‍ കേരളം ഉന്നമിടുന്നത്. എന്നാല്‍, കേന്ദ്രം മുന്നോട്ടുവച്ച പരിധി 37,512 കോടി രൂപയാണ്. ഈ തുകയിലും കേന്ദ്രം വെട്ടിനിരത്തല്‍ നടത്താനുള്ള സാധ്യതയുമുണ്ടെന്നിരിക്കേ, വരുംമാസങ്ങളിലും വായ്പാ വിഷയത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കത്തിന് സാധ്യതകളേറെയാണ്.