വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 171.50 രൂപ കുറച്ചു
വില കുറയ്ക്കുന്നത് തുടര്‍ച്ചയായ രണ്ടാംതവണ; വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ തുടര്‍ച്ചയായ രണ്ടാംമാസവും വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ (19 കിലോഗ്രാം) വില കുറച്ചു. ഇന്നലെ പ്രാബല്യത്തില്‍ വന്നവിധം 171.50 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ വില 1,863 രൂപയായി. നേരത്തേ വില 2,034.50 രൂപയായിരുന്നു. കോഴിക്കോട്ട് 1,895 രൂപ, തിരുവനന്തപുരത്ത് 1,884 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. കഴിഞ്ഞ മാര്‍ച്ചില്‍ വാണിജ്യ സിലിണ്ടറിന് 350 രൂപ കൂട്ടിയിരുന്നു. തുടര്‍ന്ന്, ഏപ്രില്‍ ഒന്നിന് 92 രൂപ കുറയ്ക്കുകയും ചെയ്തു.
ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ (14.2 കിലോഗ്രാം) വില തുടര്‍ച്ചയായ രണ്ടാംമാസവും മാറ്റമില്ലാതെ നിലനിര്‍ത്തി. കൊച്ചിയില്‍ 1,110 രൂപയാണ് വില. കോഴിക്കോട്ട് 1,111.5 രൂപ; തിരുവനന്തപുരത്ത് 1,112 രൂപ. മാര്‍ച്ചില്‍ 50 രൂപ കൂട്ടിയശേഷമാണ് ഏപ്രിലിലും മേയിലും വില നിലനിര്‍ത്തിയത്.