മുഖ്യ വ്യവസായരംഗത്ത് 8% വളര്‍ച്ച; ₹6 ലക്ഷം കോടി കടന്ന് കേന്ദ്രത്തിന്റെ ധനക്കമ്മി

നടപ്പുവര്‍ഷത്തെ ബജറ്റ് വിലയിരുത്തലിന്റെ 33% കവിഞ്ഞിട്ടുണ്ട് ധനക്കമ്മി

Update:2023-08-31 21:27 IST

Image : Canva

ഇന്ത്യയുടെ സാമ്പത്തികരംഗത്ത് തിരിച്ചുകയറ്റം ശക്തമെന്ന സൂചന നല്‍കി ജൂലൈയില്‍ മുഖ്യ വ്യവസായ മേഖല (Core Sector) എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂണില്‍ 8.3 ശതമാനവും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 4.8 ശതമാനവുമായിരുന്നു വളര്‍ച്ച.

കല്‍ക്കരി, സ്റ്റീല്‍, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി, റിഫൈനറി ഉത്പന്നങ്ങള്‍, വളം, ക്രൂഡോയില്‍ എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ഇവയെല്ലാം മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയില്‍ (ഐ.ഐ.പി/IIP) 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്.
ധനക്കമ്മി മേലോട്ട്
കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈയില്‍ 6.06 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷത്തെ ബജറ്റില്‍ ലക്ഷ്യമിട്ട മൊത്തം വാര്‍ഷിക ധനക്കമ്മിയുടെ 33.9 ശതമാനമാണിത്.
കഴിഞ്ഞ വര്‍ഷം സമാനകാലത്ത് മൊത്തം ബജറ്റ് ലക്ഷ്യത്തിന്റെ 20.5 ശതമാനം മാത്രമായിരുന്നു ധനക്കമ്മി. ജി.ഡി.പിയുടെ 5.9 ശതമാനം ധനക്കമ്മിയാണ് നടപ്പുവര്‍ഷം കേന്ദ്രം പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 2022-23ല്‍ ധനക്കമ്മി 6.4 ശതമാനമായിരുന്നു.
കഴിഞ്ഞദിവസം വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വില കേന്ദ്രം 200 രൂപ കുറച്ചിരുന്നു. ഈ ബാദ്ധ്യത പൊതുമേഖലാ എണ്ണക്കമ്പനികള്‍ തന്നെ വഹിക്കുമെന്നാണ് കേന്ദ്രം സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം, ഉജ്വല യോജന കണക്ഷനുള്ളവര്‍ക്ക് സബ്‌സിഡി 200ല്‍ നിന്ന് 400 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് കേന്ദ്രത്തിന് തന്നെ ബാദ്ധ്യതയാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് നികുതിയും കുറയ്ക്കാനിടയുണ്ട്. ഇത്, നികുതി വരുമാനത്തെയും ബാധിച്ചേക്കും. നടപ്പുവര്‍ഷത്തെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കേന്ദ്രം പ്രയാസപ്പെട്ടേക്കാം എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
Tags:    

Similar News