ഒരു ദിവസം സര്‍വീസ് നടത്തിയ മുഴുവന്‍ ട്രെയിനുകളും കൃത്യസമയം പാലിച്ചെന്ന അവകാശ വാദവുമായി ഇന്ത്യന്‍ റെയില്‍വേക്ക് മുന്നോട്ടുവരാന്‍ കൊറോണ വൈറസ് തുണയേകി.ജൂലായ് ഒന്നിന് ഓടിയ 201 ട്രെയിനുകളും കൃത്യസമയം പാലിച്ചതായാണ് അറിയിപ്പ്. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അവകാശവാദം നടത്താന്‍ ഇന്ത്യന്‍ റെയില്‍വേക്ക് സാധ്യമായത്.
ജൂണ്‍ 23-ന് ഒരു ട്രെയിന്‍ ഒഴികെ മറ്റെല്ലാം കൃത്യസമയം പാലിച്ചിരുന്നു.'എല്ലാ ട്രെയിനുകളും ജൂലായ് ഒന്നിന് കൃത്യസമയം പാലിച്ച് ഇന്ത്യന്‍ റെയില്‍വേ നൂറു ശതമാനം കൃത്യത പുലര്‍ത്തി. ഇതിന് മുമ്പുള്ള ഏറ്റവും മികച്ചത് 23-06-2020 ന് നേടിയ 99.54 ശതമാനമായിരുന്നു. അന്ന് ഒരു ട്രെയിനാണ് വൈകിയത്.' റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ചരിത്രത്തിലാദ്യമായി കൃത്യനിഷ്ഠ പുലര്‍ത്താന്‍ സാധ്യമായതില്‍ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ ചാരിതാര്‍ത്ഥ്യം പങ്കു വച്ചു.
രാജ്യത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ മെയിലുകള്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകളും സബര്‍ബന്‍ ട്രെയിനും ആഗസ്ത് 12 വരെ റദ്ദാക്കിയിരിക്കുകയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline