കൊറോണയ്ക്കപ്പുറത്ത് പട്ടിണി മരണ സാധ്യത 265 ദശലക്ഷം: യു.എന്‍

Update:2020-04-23 14:04 IST

കൊറോണാ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണി മരണങ്ങളുടെയും പിടിയിലാകുമെന്ന മുന്നറിയിപ്പുമായി  ഐക്യ രാഷ്ട്ര സഭ. ബൈബിളിലെ പഴയ നിയമ കാലത്തുണ്ടായതു പോലുള്ള മഹാ ക്ഷാമത്തിനുള്ള സാധ്യതയാണ് 265 ദശലക്ഷം പേര്‍ നേരിടുന്നതെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വൈറസ് പ്രതിരോധത്തിനായുള്ള കടുത്ത നിയന്ത്രണങ്ങളുടെ ആഘാതത്താല്‍ ഈ വര്‍ഷം 130 ദശലക്ഷം പേര്‍ പട്ടിണിയിലായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ മൂലം പട്ടിണിയിലാണെന്ന് കൊറോണാ പ്രതിസന്ധിക്കുമുമ്പ് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വിലയിരുത്തിയിരുന്നു. ഇപ്പോഴാകട്ടെ, രോഗത്തില്‍ നിന്ന് മുക്തരാകുന്നവരെ കാത്തിരിക്കുന്നത് രൂക്ഷ വറുതിയുടെ കാലമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഉള്‍പ്പെടെ ഈ മേഖലയിലെ 14 സംഘടനകളുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

'രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി' വരുമെന്ന്  കോവിഡ് -19 വരുന്നതിന് മുമ്പുതന്നെ ലോക നേതാക്കള്‍ക്ക് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്ലി പറഞ്ഞു.ഭക്ഷ്യ വിതരണ ശൃംഖലകള്‍ എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുന്നതില്‍ കനത്ത ആശങ്കയാണ് കോവിഡ് -19 നെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ  നാലാമത്തെ വാര്‍ഷിക ആഗോള റിപ്പോര്‍ട്ടിലുള്ളത്. മഹാ ക്ഷാമം തടയാന്‍ ലോകരാജ്യങ്ങള്‍ സംയുക്തമായുള്ള നടപടികള്‍ക്കു തയ്യാറാകണം. വേഗത്തില്‍ വിവേകത്തോടെയുള്ള പ്രവര്‍ത്തനമാണാവശ്യം - ബിയസ്ലി പറഞ്ഞു.

യെമന്‍, കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, എത്യോപ്യ, ദക്ഷിണ സുഡാന്‍, സിറിയ, സുഡാന്‍, നൈജീരിയ, ഹെയ്തി എന്നിവയാണ് 2019 ല്‍ ഏറ്റവും ഭക്ഷ്യ പ്രതിസന്ധി നേരിട്ട 10 രാജ്യങ്ങള്‍. ഇവയ്ക്കു പുറമേ  ഇപ്പോഴും കോവിഡ് -19 ന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും രൂക്ഷമായ 55 രാജ്യങ്ങളും പട്ടിണി ഭീഷണി നേരിടുന്നതായി ഡബ്ല്യുഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍,ബെംഗ്‌ളാദേശ്, മ്യാന്‍മര്‍, ഇറാക്ക്, ലിബിയ,ലൈബീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് ഡസനോളം രാജ്യങ്ങളില്‍ കനത്ത ക്ഷാമമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. ഇതില്‍ 10 രാജ്യങ്ങളിലോരോന്നിലും ഇതിനകം തന്നെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ വീതം പട്ടിണിയുടെ വക്കിലാണെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു.

ഭക്ഷ്യവിതരണക്കാരായ രാജ്യങ്ങള്‍ ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നാണ് യുഎന്‍ ആവശ്യപ്പെടുന്നത്. വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചതിനാല്‍ കയറ്റുമതി നിലവില്‍ പ്രായോഗികമല്ലാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ആഗോളാടിസ്ഥാനത്തില്‍ ഭക്ഷ്യമേഖല പ്രതിസന്ധിയിലായി. പാലും കാര്‍ഷികോത്പന്നങ്ങളും വില്‍ക്കാനാകാതെ വിഷമിക്കുന്നു കര്‍ഷകര്‍. അതേസമയം, ആഹാരമില്ലാതെ പട്ടിണിയിലാണ് ദശലക്ഷക്കണക്കിനു പേര്‍. പല വന്‍കിട കമ്പനികളും  ഭക്ഷ്യോത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് ഉത്പാദിപ്പിച്ചവ വിതരണം ചെയ്യാനാകുന്നുമില്ല.

കൊറോണ വൈറസ് മഹാമാരിയേക്കാള്‍ വലിയ ദുരന്തമായി ലോകത്തിനുമേല്‍ പതിക്കാന്‍ പോകുന്നത് വിശപ്പാണ്. പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറിയാലും ലോകം സാധാരണനിലയിലേക്കാത്താന്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം. തകര്‍ന്ന ഭക്ഷ്യമേഖലയുടെയും തിരിച്ചുവരവിന് സമയമെടുക്കും. വന്‍കിട കമ്പനികള്‍ക്ക് വരെ പ്രതിസന്ധി മറികടക്കുന്നത് ശ്രമകരമായിരിക്കും. ആത്യന്തികമായി സംഭവിക്കുന്നത് കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആഹാരമില്ലാതാകുന്നു എന്നതാണ്.

ലോകം ഭക്ഷ്യക്ഷാമത്തെ നേരിടേണ്ടിവരുന്നത് പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ അഭാവം മൂലമല്ല. വിതരണം നടക്കാത്തതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യക്കാരിലേക്കെത്താതെ പോകുന്നതാണ് മുഖ്യ പ്രശ്‌നം.ഉത്പാദകരെയും വിതരണക്കാരെയും ആവശ്യക്കാരെയും ചേര്‍ക്കുന്ന കണ്ണി നിലനിര്‍ത്താനാകുന്നില്ല. സാമൂഹിക അകലം പാലിക്കേണ്ട ഈ കാലത്ത് സുരക്ഷിതമായി ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദകരില്‍ നിന്ന് ആവശ്യക്കാരിലേക്കെത്തിക്കുക എന്നത് ഏറെ ശ്രമകരമാണ്.

കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ മാത്രമല്ല ലോകമാകെ തന്നെ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നത്. അതിര്‍ത്തികള്‍ അടച്ചതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഭക്ഷ്യോത്പന്ന കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നു. ആഗോള കമ്പനികള്‍ പലതും ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഭക്ഷ്യവിതരണ ശൃംഖല തകര്‍ന്നിരിക്കുന്നതിനാല്‍ വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നതെന്നാണ് വന്‍കിട ഭക്ഷ്യോത്പാദന കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മഹാവ്യാധികളും സംഘര്‍ഷങ്ങളും കാലാവസ്ഥാ ദുരന്തങ്ങളുമെല്ലാം സാമ്പത്തികരംഗത്തെയാണ് തകര്‍ക്കുന്നത്. സാമ്പത്തികമേഖല തകരുന്നതോടെ ഉത്പാദനവും ആളുകളുടെ വരുമാനവും കുറയും. ഇതോടെ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും ആളില്ലാത്ത സ്ഥിതി വരും. 207-2008 കാലഘട്ടത്തിലുണ്ടായ ഭക്ഷ്യ വിലക്കയറ്റം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും ചില രാജ്യങ്ങളെങ്കിലും ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ലെന്ന് യുഎന്‍ രക്ഷാസമിതി ഓര്‍മിപ്പിക്കുന്നു.

പട്ടിണി ഭീഷണി ഇതുവരെയില്ലാതിരുന്ന ചില രാജ്യങ്ങളും പകര്‍ച്ചവ്യാധി മൂലം ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കു വഴുതിവീണേക്കാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന ചെറു ദ്വീപ രാഷ്ട്രങ്ങളും എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും ഈ പട്ടികയില്‍ വരുന്നുണ്ട്. ഭക്ഷണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണിവ. കുടിയേറ്റക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം കുടുംബാംഗങ്ങളുടെ ഉപജീവനത്തിനുപയോഗിക്കുന്ന രാജ്യങ്ങളും പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ലോക്ക്ഡൗണുകളുടെ ഫലമായി വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ  ആളുകളുടെ വാങ്ങല്‍ ശേഷി സാരമായി കുറയ്ക്കും.കറന്‍സികളുടെ മൂല്യത്തകര്‍ച്ചയും വെല്ലുവിളി തന്നെ.ഭക്ഷ്യ വിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലമുണ്ടാകാവുന്ന അക്രമങ്ങള്‍ മാനുഷിക സഹായ വിതരണം തടസപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. 100 ദശലക്ഷം ആളുകള്‍ക്ക് ഡബ്ല്യുഎഫ്പി നിലവില്‍ ഭക്ഷണം നല്‍കിവരുന്നു. ഇതില്‍ മൂന്നിലൊന്നു പേരുടെ ജീവന്‍ നിലനില്‍ക്കുന്നത് ഇതു മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News