കോവിഡ് പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്നു, സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായേക്കും

രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധന നിയന്ത്രണ വിധേയമായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും

Update: 2021-04-17 06:47 GMT

സംസ്ഥാനത്ത് കോവിഡ് വ്യാപനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഗണ്യമായി കുറഞ്ഞില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കും. കഴിഞ്ഞ ആറുമാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകള്‍ 20,000 വരെയെത്തിയാലും കൈകാര്യം ചെയ്യാനാകുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അത്തരം സ്ഥിതി ആഴ്ചകളോളം നീണ്ടുനിന്നാല്‍ ഗുരുതരമായ സാഹചര്യം ഉടലെടുത്തേക്കാം.

രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധന നടത്തി കോവിഡ് പ്രതിദിന കേസുകള്‍ 15,000 എത്തുന്നത് മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം. പരമാവധി പേരെ പരിശോധിച്ച്, രോഗബാധിതരെ കണ്ടെത്തി അവരെ ക്വാറന്റീനിലാക്കിയാല്‍ വ്യാപനം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും പിന്നീട് വിഷുക്കാലത്തും കോവിഡ് പ്രോട്ടോക്കോളുകള്‍ കാര്യമായി ഗൗനിക്കാതെ കടകളിലും പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടമുണ്ടായിട്ടുണ്ട്. ഇതോടൊപ്പം ഉത്സവങ്ങളും വിവാഹചടങ്ങുകളും കോവിഡ് കാല നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തുന്ന വിധമാണ് പലയിടത്തും ആഘോഷിച്ചിരുന്നത്. ഈ ജാഗ്രത കുറവാണ് സംസ്ഥാനത്തെ കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകാന്‍ ഇടയാക്കുന്നതും.

കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 20,000 എത്തിയാലും ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനാവുമെങ്കിലും ആ നിരക്ക് ആഴ്ചകളോളം നീണ്ടുനിന്നാല്‍ പ്രശ്‌നം തീര്‍ച്ചയായും ഗുരുതരമാകും. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വരെ കോവിഡ് വീണ്ടും വരുന്നുണ്ട്.

മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ഇനി തിരിച്ചെത്താനും സാധ്യതയുണ്ട്. 'ജീവന്റെ വിലയുള്ള ജാഗ്രത' എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആദ്യകാല ക്യാംപെയ്ന്‍ ഇനി ജനങ്ങള്‍ അതിശക്തമായി തുടര്‍ന്നില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകുക തന്നെ ചെയ്യും.

വേണ്ടത് കൂട്ടുത്തരവാദിത്തം

രണ്ടു ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയും പരമാവധി രോഗ ബാധിതരെ കണ്ടെത്തി ക്വാറന്റീനിലാക്കുകയും ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്. പരിശോധന വ്യാപകമാക്കുക, കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, പരമാവധി പേര്‍ വാക്‌സിന്‍ സ്വീകരിക്കുക എന്നിവയിലൂടെ മാത്രമേ ഒരു പരിധി വരെയെങ്കിലും രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിക്കൂ. ഇതിന് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പോലീസും ബന്ധപ്പെട്ട അധികൃതരും പ്രവര്‍ത്തിച്ചാല്‍ മാത്രം പോര. കേരളീയ സമൂഹവും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടിയിരിക്കുന്നു.

ഇനി സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ജീവിതോപാധികള്‍ നിലയ്ക്കാതിരിക്കാനാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഒഴിവാക്കുന്നത്.

അതിനിടെ എറണാകുളം, കോഴിക്കോട് പോലുള്ള ജില്ലകളില്‍ കോവിഡിന്റെ അതിവ്യാപനവും നടക്കുന്നതായി സൂചനയുണ്ട്. എറണാകുളത്ത് സൂപ്പര്‍ സ്‌പ്രെഡ് നടക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 40-60 പ്രായപരിധിയിലുള്ള കോവിഡ് രോഗികള്‍ വന്‍തോതില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നുണ്ട്. ചെറുപ്പക്കാരായ കോവിഡ് ബാധിതരില്‍ രൂക്ഷമായ ന്യൂമോണിയ ബാധയും കണ്ടുവരുന്നു. കോവിഡിന്റെ രണ്ടാം തരംഗം അതുകൊണ്ട് തന്നെയാണ് ഗുരുതര സ്വഭാവമുള്ളതായി മാറുന്നതും.

പ്രായാധിക്യവും മറ്റു രോഗങ്ങളും ഉള്ള കോവിഡ് ബാധിതര്‍ക്ക് മാത്രമല്ല ചെറുപ്പക്കാരായ കോവിഡ് രോഗികള്‍ക്ക് പോലും ഐസിയുവും വെന്റിലേറ്ററും വേണ്ടി വന്നാല്‍ സംസ്ഥാനം അതിഗുരുതരമായ അവസ്ഥയിലേക്ക് വീഴും.


Tags:    

Similar News