കോവിഡ്: കേരളത്തിലും ആശുപത്രികള്‍ നിറയുന്നു; സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന നിരക്ക്; സാധാരണക്കാര്‍ വലയുന്നു

സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ആശുപത്രി കിടക്കളുടെ ലഭ്യതയെ അത് ബാധിച്ചുതുടങ്ങി

Update: 2021-04-24 06:19 GMT

കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കേരളത്തിലും ആശുപത്രി കിടക്കകള്‍ കിട്ടാത്ത സ്ഥിതിയിലേക്ക്. ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ള കോവിഡ് രോഗികള്‍ക്ക് പരമാവധി ഗൃഹപരിചരണത്തില്‍ കഴിയാനുള്ള നിര്‍ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും വളരെ പെട്ടെന്ന് ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അമിതക്ഷീണവും മോഹാലാസ്യവും സംഭവിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പോലും ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കാന്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റും സഹായം തേടേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

സ്വകാര്യ ആശുപത്രികളിലും കിടക്കകള്‍ നിറയുന്നതായാണ് സൂചന. പ്രധാന നഗരങ്ങളിലെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളില്‍ വരെ കിടക്കകള്‍ ലഭ്യമല്ലാതെ വരുന്നുണ്ട്.

നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.78 ലക്ഷമാണ്. കര്‍ശന നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ച് ലക്ഷം എത്തിയേക്കുമെന്നാണ് നിഗമനം. ഇപ്പോള്‍ ജീവന്‍രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത പ്രകടമാകുന്നുണ്ട്. അപ്പോള്‍ എണ്ണം അഞ്ചുലക്ഷമെത്തിയാല്‍ സ്ഥിതി അതീവ ഗുരുതരമാകും. കോവിഡ് നെഗറ്റീവ് ആകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയില്ലെന്നതും സംസ്ഥാനത്തെ ഉറ്റുനോക്കുന്ന മറ്റൊരു പ്രതിസന്ധിയാണ്. കേരളത്തിലെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ശതമാനമാണ്. മറ്റെന്തെങ്കിലും അസുഖവുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തിമ്പോഴും ആ വ്യക്തികള്‍ കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് ആശങ്കയുയര്‍ത്തുന്ന ഘടകമാണ്. പരിശോധന കൂടുമ്പോള്‍ ടി പി ആര്‍ കുറയുകയല്ല, മറിച്ച് കൂടുകയാണ്. അതായത് സമൂഹത്തില്‍ അത്രയേറെ കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വളരെ മെച്ചപ്പെട്ട സംവിധാനമാണ് കേരളത്തിലേതെങ്കിലും ഇപ്പോഴുള്ള ഈ കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കേരളത്തിലെ ആശുപത്രി സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറത്തേക്ക് രോഗികള്‍ കൂടിയാല്‍ ഗുരുതരമായ പ്രത്യാഘാതം തന്നെ അതുണ്ടാക്കും.
സ്വകാര്യ ആശുപത്രികളില്‍ തോന്നിയ നിരക്ക്
അതിനിടെ കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ തോന്നിയ നിരക്കാണ് വാങ്ങുന്നതെന്ന പരാതികള്‍ ഏറെയുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണ്. പക്ഷേ ഇവിടെ കിടക്ക കിട്ടാത്ത സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചാല്‍ ലക്ഷങ്ങളാണ് ചെലവ് വരുന്നത്. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്ക് വന്‍തുകയാണ് ഈടാക്കുന്നത്. ചിലയിടത്ത് മുന്‍കൂര്‍ പണം കെട്ടിവയ്ക്കണമെന്ന നിബന്ധനയുമുണ്ട്. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കാതെ, സിംഗിംള്‍ റൂമില്‍ കിടത്തി ചികിത്സ വേണ്ടി വന്നാല്‍ പോലും പ്രതിദിനം ശരാശരി 10,000 രൂപയോളം ചെലവ് വരുന്നുണ്ട്.

കോവിഡ് ബാധിച്ച ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കും മധ്യവയസ്‌കര്‍ക്ക് പോലും വളരെ പെട്ടെന്ന് ശ്വാസതടസ്സം വരുന്നതിനാല്‍ ഗൃഹപരിചരണത്തിലുള്ളവരും ആശങ്കയിലാണ്.
ഇനി വേണം ജീവന്റെ വിലയുള്ള ജാഗ്രത
ഓരോ വ്യക്തിയും പൊതുസമൂഹവും ജാഗ്രത കൈവിടാതിരുന്നാല്‍ മാത്രമേ കേരളത്തിലെ കോവിഡ് വ്യാപനം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കേരളം പൂര്‍ണമായും അടച്ചിട്ട് കോവിഡിനെ തടയാന്‍ നിന്നാല്‍ ബിസിനസുകള്‍ തകരും. ജനജീവിതം ദുസ്സഹമാകും. അതുകൊണ്ട് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നതുപോലെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുകയും സ്വന്തം നിലയില്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറുകയും ചെയ്തില്ലെങ്കില്‍ രോഗവ്യാപനം ഇനിയും രൂക്ഷമാകും. ഭീതിതമായ സാഹചര്യം ഇവിടെയും വരും.


Tags:    

Similar News