ഇന്ത്യക്കാരില്‍ പണം കൈയില്‍ വെക്കുന്ന ശീലം വര്‍ധിക്കുന്നു

Update:2020-06-06 18:30 IST

നോട്ട് നിരോധനത്തിന് ശേഷം ഇതാദ്യമായി ആളുകളുടെ കൈയില്‍ സൂക്ഷിക്കുന്ന പണത്തിന്റെ തോത് വര്‍ധിക്കുന്നു. മേയ് 22 ലെ കണക്കു പ്രകാരം 25 ലക്ഷം കോടി രൂപയാണ് രാജ്യത്ത് ആളുകളുടെ കൈയില്‍ പണമായി സൂക്ഷിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വീക്ക്‌ലി സപ്ലിമെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 31ന് 23.5 ലക്ഷം കോടി രൂപയായിരുന്നു ആളുകളുടെ കൈയില്‍ പണമായി ഉണ്ടായിരുന്നത്. 2016 നവംബര്‍ എട്ടിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം ആളുകള്‍ ഇത്രയേറെ പണം കൈയില്‍ സൂക്ഷിച്ചിരുന്നില്ല. പകരം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിച്ചു വരികയായിരുന്നു. 2016 ഒക്ടോബര്‍ 18 ലെ കണക്കനുസരിച്ച് 17 ലക്ഷം കോടി രൂപയാണ് ആളുകളുടെ കൈയില്‍ പണമായി ഉണ്ടായിരുന്നത്.

മൂന്നര വര്‍ഷം കൊണ്ട് ഇത് എട്ടു ലക്ഷം കോടി രൂപ വര്‍ധിക്കുകയായിരുന്നു.
കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണാണ് ആളുകളെ എവിടെയും നിക്ഷേപിക്കാതെ പണം കൈയില്‍ തന്നെ കരുതാന്‍ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

എന്നാല്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയതിനു ശേഷവും പണം എവിടെയെങ്കിലും നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം ജനങ്ങള്‍ ആര്‍ജിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും കൊറോണ വൈറസ് വ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമ്പാദ്യം പണമായി തന്നെ കൈയില്‍ വെക്കുക എന്നതിലാണ് ആളുകള്‍ സുരക്ഷിതത്വം കാണുന്നത്.

ഇത്തരമൊരു സാഹചര്യത്തെ മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ ചെറുനഗരങ്ങളില്‍ പോലും ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിപ്പിക്കുന്നതിനായി പേമെന്റ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് രൂപീകരിച്ചത്. ടയര്‍ 3 നഗരങ്ങള്‍ മുതല്‍ ടയര്‍ 6 നഗരങ്ങളില്‍ വരെ പോയ്ന്റ് ഓഫ് സെയ്ല്‍ സൗകര്യം ഒരുക്കുന്നതിനായി ഫണ്ടിലേക്ക് ആര്‍ബിഐ 500 രൂപ നല്‍കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News