രാജ്യത്തെ ഉത്സവകാല വില്‍പ്പന ഉയർന്നത് 11 ശതമാനം
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അനുകൂലമായിരുന്നു ദീപാവലി സീസണ്‍ സെയ്ല്‍ എന്ന് സിഐഎടി റിപ്പോര്‍ട്ട്.;
രാജ്യത്ത് ഉത്സവ സീസണിനോട് അനുബന്ധിച്ച് ചെറുകിട ഇടത്തരം സംരംഭകര്‍ക്കിടയില്‍ ബിസിനസ് വളര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദീപാവലി സെയ്ല്‍സ് പരിശോധിച്ചാല്‍ സെയ്ല്‍സ് വാർഷികാടിസ്ഥാനത്തിൽ 10 ശതമാനത്തിലധികം ഉയർന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) റിപ്പോര്‍ട്ട്. ശനിയാഴ്ച അവസാനിച്ച ദീപാവലി വിൽപനയിൽ 72,000 കോടിയിലധികം സാധനങ്ങൾ വിറ്റഴിഞ്ഞ് പോയതായി സിഎഐടി വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക് ശക്തിപകരുന്നതാണെന്നും സിഐഎടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലക്നൗ, നാഗ്പൂർ, അഹമ്മദാബാദ്, ജമ്മു കാശ്മീര്‍, ജയ്പൂർ, എന്നിവയുൾപ്പെടെ ഇരുപതോളം നഗരത്തില്‍ നടന്ന സര്‍വേയിലാണ് സിഎഐടിയുടെ റിപ്പോര്‍ട്ട്. ഏഴ് കോടി വ്യാപാരികളെയും 40,000 ട്രേഡ് അസോസിയേഷനുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഎഐടി. എന്നാല്‍ തെക്കേ ഇന്ത്യയിലെ കണക്കുകള്‍ ഇതില്‍ പെടുന്നില്ല എന്നതിനാല്‍ തന്നെ കേരളത്തിലെ വ്യാപാരികളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നതില്‍ വ്യക്തമല്ല.
അതേസമയം ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് ആർബിഐ വ്യക്തമാക്കിയത്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത ആഭ്യന്തര ഉല്‍പാദനം 8.6 ശതമാനം ഇടിഞ്ഞുവെന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര അടങ്ങുന്ന സാമ്പത്തിക വിദഗ്ധരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.