സാമ്പത്തിക സര്‍വെ 2020; സൃഷ്ടിച്ചത് 2.6 കോടി തൊഴിലുകള്‍; അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ വളര്‍ച്ച 6 - 6.5%

Update:2020-01-31 18:10 IST

ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6 - 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ 2020. ബജറ്റിന് മുന്നോടിയായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന സാമ്പത്തിക സര്‍വെ ഇന്ന് പാര്‍ലമെന്റില്‍ വെച്ചു.

ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വെ മുന്നോട്ടുവെയ്ക്കുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിനാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് വളര്‍ച്ചാ നിരക്ക് കൂടുമെന്ന് സര്‍വെ പ്രവചിക്കുന്നത്. സാമ്പത്തിക സ്ഥിതി പിന്നോട്ട് പോയത് മുന്നോട്ട് കുതിക്കുന്നതിന്റെ തുടക്കമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബജറ്റ് സമ്മേളനത്തില്‍ ഇരുസഭകളിലും കാര്യക്ഷമമായ ചര്‍ച്ച നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സാമ്പത്തിക സര്‍വെ 2020: ഹൈലൈറ്റ്‌സ്

  • നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അഞ്ചു ശതമാനമെന്ന ജിഡിപി വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6-6.5 ശതമാനമാകും
  • കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വേഗത്തില്‍ നടപ്പാക്കണം.
  • 2025 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയാകും
  • സംഘടിത തൊഴിലുകള്‍ 2011-12ലെ 17.9 ശതമാനത്തില്‍ നിന്ന് 2017-18ല്‍ 22.8 ശതമാനത്തിലെത്തി. സമ്പദ് വ്യവസ്ഥ കൂടുതല്‍ സംഘടിതമാകുന്നതിന്റെ സൂചനയാണിത്.
  • സര്‍വെയുടെ തീം സമ്പത്ത് ആര്‍ജ്ജിക്കല്‍, ബിസിനസ് സൗഹൃദ നയങ്ങള്‍, സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം ശക്തിപ്പെടുത്തല്‍ എന്നിവയായിരുന്നു
  • 2024-25ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയാകാന്‍ ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിസ്ഥാനസൗകര്യ വികസന രംഗത്ത് 1.4 ട്രില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തണം.
  • 2011-12 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഗ്രാമീണ, നഗര മേഖലകളില്‍ 2.62 കോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു.
  • 2011-12 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ സ്ത്രീ തൊഴിലാളികളുടെ നിത്യേനയുള്ള തൊഴിലുകളില്‍ എട്ട് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
  • കടം എഴുതി തള്ളല്‍ വായ്പാ സംസ്‌കാരത്തെ കീഴ്‌മേല്‍ മറിക്കുന്നു.
  • 2018ല്‍ രാജ്യത്ത് പുതുതായി 1.24 ലക്ഷം സ്ഥാപനങ്ങള്‍ ആരംഭിച്ചു. 2014നെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്റെ കാര്യത്തില്‍ വന്‍ വര്‍ധന. 2014ല്‍ ഇത് 70,000 മായിരുന്നു.
  • 2022ല്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിനായുള്ള പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണ്‍ പദ്ധതിയുടെ ഭാഗമായി 2018-19ല്‍ 47.33 ലക്ഷം വീടുകള്‍ നിര്‍മിച്ചു. 2014-15 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് മടങ്ങ് വര്‍ധന.
  • കഴിഞ്ഞ അഞ്ചുവര്‍ഷമായി ലൈവ്‌സ്‌റ്റോക്ക് സെക്ടറില്‍ നിന്നുള്ള വരുമാനം 7.9 ശതമാനമായി. ദശലക്ഷക്കണക്കിന് ഗ്രാമീണരുടെ അധിക വരുമാനമാര്‍ഗമാണിത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന സൂചികയാണിത്.
  • രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നേറുമ്പോഴും വനവല്‍ക്കരണവും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പ്രക്രിയയും അതിദ്രുതം മുന്നോട്ടുപോകുന്നതായും അത് രാജ്യത്തിന് കൂടുതല്‍ പച്ചപ്പ് പകരുന്നതായും സര്‍വെ വെളിപ്പെടുത്തുന്നു.
  • ആയുഷ്മാന്‍ ഭാരത് സ്‌കീമിന്റെ ഭാഗമായി 2020 ജനുവരി 14 വരെ 28,005 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
  • സേവന മേഖല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം വര്‍ധിച്ചു. രാജ്യത്തിന്റെ ഇക്കോണമി ആന്‍ഡ് ഗ്രോസ് വാല്യു ആഡഡ് ഗ്രോത്തില്‍ 55 ശതമാനം സേവന മേഖലയാണ്.
  • സ്‌പേസ് രംഗത്തും രാജ്യത്തിന് കുതിച്ചുചാട്ടം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News