സമ്പദ് രംഗം തിരിച്ചു വരികയാണോ, ഈ സൂചകങ്ങള്‍ കാണിക്കുന്നതെന്ത്?

ഈ സാമ്പത്തിക സൂചകങ്ങള്‍ നല്‍കുന്നത് രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളോ?

Update: 2020-11-16 13:52 GMT

കോവിഡ് 19 അണ്‍ലോക്കിംഗ് തുടങ്ങിയതോടെ, സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. കമ്പനികളുടെ ലാഭം -2.1 ശതമാനം പ്രതീക്ഷിച്ചിരുന്നിടത്തു നിന്ന 26 ശതമാനത്തോളം വളര്‍ച്ച നേടിയിട്ടുണ്ട്. പ്രവര്‍ത്തന ലാഭവും പ്രതീക്ഷയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.


ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം കോടിയ്ക്ക് മുകളില്‍

ഒക്ടോബറില്‍ ഒരു ലക്ഷം കോടി രൂപയിലധികം ജിഎസ്ടി കളക്ഷന്‍ ഉണ്ടായി.

ഫെബ്രുവരിക്ക് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ജിഎസ്ടി പിരിക്കാന്‍ സാധിച്ചത് ആദ്യമാണ്. സാമ്പത്തിക രംഗം വീണ്ടും സജീവമാകുന്നു എന്നതിന്റെ സൂചനയായി ഇത് കണക്കാക്കാം. വരും മാസങ്ങളിലും നികുതി കളക്ഷന്‍ വര്‍ധിക്കുമെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

നിയന്ത്രണങ്ങള്‍ മാറിത്തുടങ്ങിയതോടെ ബിസിനസുകളും പഴയ തോതിലേക്ക് തിരിച്ചു വരുന്നുണ്ട്.്

ഇ-വേ ബില്‍ ഉയര്‍ന്നു

ഒക്ടോബറില്‍ ജനറേറ്റ് ചെയ്ത ഇ വേ ബില്ലുകളുടെ എണ്ണം 641 ലക്ഷമായി ഉയര്‍ന്നു. ഇ വേ ബില്‍ സമ്പ്രദായം നടപ്പാക്കിയതിനു ശേഷം ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജി.എസ്.ടി നിയമപ്രകാരം 50000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധന സാമഗ്രികള്‍ ഒരിടത്തു നിന്നും പത്ത് കിലോമീറ്ററിലധികം ദൂരെയുള്ള മറ്റൊരിടത്തേക്ക് കൊണ്ട് കൊണ്ടു പേകേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട യാത്രാ രേഖയാണ് ഇ-വേ ബില്‍.

വ്യവസായ ഉല്‍പ്പാദന സൂചിക

ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയരത്തിലാണ് വ്യവസായ ഉല്‍പ്പാദന സൂചിക .ഡിമാന്‍ഡ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ ഉല്‍പ്പാദനം വളരെയധികം ഉയര്‍ത്തി. 2007 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ശക്തമായ വളര്‍ച്ചയാണിത്.

വാഹന വില്‍പ്പന

വാഹന വില്‍പ്പന (ഡീലര്‍ ഡിസ്പാച്ച്) ഒക്ടോബറിലും മെച്ചപ്പെട്ടു. ഫെസ്റ്റീവ് സീസണിലെ ഉയര്‍ന്ന ഡിമാന്‍ഡ് പരിഗണിച്ച് കാര്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം ഉയര്‍ത്തിയിരിക്കുകയാണ്. ഹ്യുണ്ടായ്, ബജാജ്, ഹീറോ എന്നിവ് റിക്കാര്‍ഡ് വില്‍പ്പനയായിരുന്നു ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.

ഇപിഎഫ്ഒ വരിക്കാരില്‍ വര്‍ധന

എംപ്ലോയി പ്രൊവിഡന്റ് ഫണ്ടിലേക്ക് ഓഗസ്റ്റ് മാസത്തില്‍ 6.70 ലക്ഷം പുതിയ വരിക്കാരാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഏപ്രില്‍ മാസത്തില്‍ 1.85 ലക്ഷം ആയിരുന്ന സ്ഥാനത്താണിത്. അതേ സമയം ഇപിഎഫ്ഒയില്‍ നിന്ന് പുരിഞ്ഞു പോകുന്നതില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 5.71 ലക്ഷത്തില്‍ നിന്ന് 2.46 ലക്ഷം ആയി കുറഞ്ഞു.

വ്യാപാര കമ്മി വളരെ താഴെ

മികച്ച കയറ്റുമതി നേട്ടത്തിനൊപ്പം ഇറക്കുമതിയിലും ഇളവുകള്‍ വരുത്തിയത് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ വ്യാപാര കമ്മിയില്‍ കുറവു വരാനിടവരുത്തിയിട്ടുണ്ട്.

ഫോറെക്‌സ് റിസര്‍വ് റിക്കാര്‍ഡില്‍


കുറഞ്ഞ വ്യാപാര കമ്മിയും ഉയര്‍ന്ന മൂലധന ഒഴുക്കും ഫോറെക്‌സ് റിസര്‍വ് അടുത്ത കുറച്ചു മാസങ്ങളായി ഉയരത്തിലാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതൊന്നും രാജ്യം അതിവേഗം തിരിച്ചു വരുന്നതിന്റെ സൂചനകളായി കാണാനാകില്ലെന്നും ഒരു വിഭാഗം നിരീക്ഷിക്കുന്നു. കോവിഡിനു മുന്‍പു തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗം ചുരുങ്ങികൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴും പല പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് സമ്പദ് വ്യവസ്ഥ മുകളിലേക്ക് പോകുമെന്ന് പറയാനാകുമെന്നതാണ് അവരുടെ ചോദ്യം.

ഇപ്പോള്‍ കാണുന്ന ഈ പെട്ടെന്നുള്ള ഉയര്‍ച്ച ഉത്സവകാലത്തോടനുബന്ധിച്ചുള്ള ഡിമാന്‍ഡ് കൂടിയതുകൊണ്ടു മാത്രമാണെന്നും യഥാര്‍ത്ഥ പരീക്ഷണം ഈ മാസം മുതല്‍ തുടങ്ങുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആര്‍ബിഐ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവന്നേക്കുമെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്.

Tags:    

Similar News