കടം എഴുതിത്തള്ളൽ ഇല്ല, കർഷകർക്കായി മോദിയുടെ പ്ലാൻ ഇതാണ്!

Update: 2018-12-28 11:44 GMT

വരുന്ന തെരഞ്ഞെടുപ്പ് കാലത്തിന് മുൻപേ കർഷകരുടെ പ്രതിഷേധം തണുപ്പിക്കുക എന്നതാണ് ബിജെപി സർക്കാറിന്റെ പ്രധാന ലക്ഷ്യം. എന്നാൽ അതിന് എല്ലാവരും പ്രതീക്ഷിച്ചതുപോലെ കാർഷിക കടം എഴുതിത്തള്ളാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

സമയത്തിന് കാർഷിക വായ്പ തിരിച്ചടക്കുന്നവരുടെ പക്കൽ നിന്ന് പലിശ ഈടാക്കണ്ട എന്നതാണ് സർക്കാർ പരിഗണനയിലുള്ള ഒരു നിർദേശം. 15,000 കോടി രൂപയാണ് ഇതിന് സർക്കാർ അധികമായി ചെലവഴിക്കുക.

ഭക്ഷ്യവിളകൾക്കുള്ള ഇൻഷുറൻസ് പോളിസിക്ക് പ്രീമിയം തുക പൂർണമായി ഒഴിവാക്കുക എന്നൊരു മറ്റൊരു നിർദേശവും പരിഗണനയിലുണ്ട്. ഹോർട്ടികൾച്ചറൽ വിളകൾക്ക് പ്രീമിയം കുറക്കാനും ആലോചനയുണ്ട്. ഇതിനായി പ്രധാൻമന്ത്രി ഫസൽ ബീമാ യോജന (PMFBY) യുടെ നയങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. 

നിലവിൽ ഖാരിഫ്, റാബി വിളകളുടെ ഇൻഷുറൻസ് പ്രീമിയം നൽകാനായി രാജ്യത്തെ കർഷകർ 5,000 കോടി രൂപയാണ് ചെലവിടുന്നത്. പ്രീമിയത്തിൽ ഇളവ് നൽകിയാൽ അത് കാർഷിക മേഖലയ്ക്ക് വലിയ ആശ്വാസമായിരിക്കും. 

ഈയിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പ്രധാന കരണങ്ങളിലൊന് കർഷകരുടെ ഇടയിലെ അമർഷമാണെന്ന് പാർട്ടി വിലയിരുത്തുന്നു. ജയിച്ച ഉടൻ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കാർഷിക കടം എഴുതിത്തള്ളിയതും ബിജെപിക്ക് വെല്ലുവിളിയായിട്ടുണ്ട്.

Similar News