എല്‍ നിനോ ഇന്ത്യന്‍ വിപണിയെ ബാധിക്കുമെന്ന് വിദഗ്ധര്‍

കുറവ് മഴ ഭക്ഷ്യ-ഇന്ധന വിലകൂട്ടും

Update: 2023-06-13 10:47 GMT

Image: canva

എല്‍ നിനോ മൂലം രാജ്യത്തെ മഴയുടെ രീതികളില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങളില്‍ ആശങ്ക പ്രകടിപ്പച്ച് വിദഗ്ധര്‍. ഇത് വിപണിയില്‍ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും വിപണിയ്ക്ക് ഭീഷണിയാകുമെന്നും അവര്‍ അഭിപ്രായപെട്ടതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. എല്‍ നിനോ എന്നത് പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കന്‍ ഭാഗങ്ങളിലും സമുദ്ര താപനില ഉയരുന്ന പ്രതിഭാസമാണ്, ഇത് അന്തരീക്ഷ അവസ്ഥയില്‍ പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഇത് പലപ്പോഴും ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയുന്നതിന് കാരണമാകുന്നു.

പണപ്പെരുപ്പത്തിലേക്ക്

അപര്യാപ്തമായ മഴയും മോശം വിതരണവും ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റത്തിലേക്ക് എത്തിക്കുന്നു. പിന്നീട് ഇത് പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നു. ഇത് സ്വാഭാവികമായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പണ നയ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. പണപ്പെരുപ്പത്തെക്കുറിച്ച് ആര്‍.ബി.ഐ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിക്കുകയും 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവചനം 5.1 ശതമാനമായി കുറച്ചിട്ടുണ്ട്. 

അനുകൂലമായ കാലാവസ്ഥയെ വളരെയധികം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയെ എല്‍ നിനോ കഠിനമായ ചൂട് പോലുള്ള പ്രതികൂലമായ സാഹചര്യത്തിലേക്കെത്തിക്കുമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ ഏഷ്യാ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ജോനാഥന്‍ ഗാര്‍നര്‍ പറഞ്ഞു.

മഴ കുറവ്

മണ്‍സൂണ്‍ സീസണിന്റെ ആദ്യ എട്ട് ദിവസങ്ങളില്‍ സാധാരണയേക്കാള്‍ ഏകദേശം 60 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. അതിനാല്‍ ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ മഴ സാധാരണ നിലയിലും താഴെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മൊത്തത്തില്‍ സാധാരണ മണ്‍സൂണ്‍ പ്രവചിക്കുമ്പോഴും അതിലും കുറവായി പെയ്യുന്ന മഴ ഈ സാമ്പത്തിക വര്‍ഷത്തിലെ ഭക്ഷ്യ ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുമെന്ന് ക്രിസിലിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ധര്‍മകീര്‍ത്തി ജോഷി പറഞ്ഞു. ഖാരിഫ് വിളകളെയും ഇന്ധന-ഭക്ഷ്യവിലപ്പെരുപ്പത്തെയും എല്‍ നിനോ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ചത്തു.

എല്‍ നിനോ വര്‍ഷങ്ങളെല്ലാം മോശമല്ല

എല്‍ നിനോ വരുന്ന എല്ലാ വര്‍ഷങ്ങളും മോശമായിരിക്കില്ല. ഇന്ത്യയില്‍ 2002, 2004, 2009, 2015 എന്നിങ്ങനെ നാല് എല്‍ നിനോ വര്‍ഷങ്ങളുണ്ടായിട്ടുണ്ട. ഇതില്‍ 2015 ല്‍ ബി.എസ്.ഇ സെന്‍സെക്‌സും നിഫ്റ്റി 50 യും യഥാക്രമം 5 ശതമാനവും 4.1 ശതമാനവും ഇടിവ് രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റ് എല്‍ നിനോ വര്‍ഷങ്ങളില്‍ പൊതുവെ പോസിറ്റീവായിരുന്നു.

എന്നാല്‍ 2023-24ല്‍ അടുത്ത ഒന്നോ രണ്ടോ മാസത്തെ മണ്‍സൂണ്‍ പ്രകടനത്തെ ആശ്രയിച്ചിരിക്കും വിപണി പ്രവണതകള്‍ എന്ന് റിലയന്‍സ് സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവി മിതുല്‍ ഷാ അഭിപ്രായപ്പെടുന്നു. നിലവില്‍ മഴയുടെ രീതികളില്‍ എല്‍ നിനോയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ തുടര്‍ന്നുണ്ടാകാനിടയുള്ള ആഘാതവും വിപണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News