യൂറോപ്പില്‍നിന്നുള്ള വീഞ്ഞിനും മദ്യത്തിനും കാറിനും ഇന്ത്യയില്‍ വില താഴും; കരാറിനു സാധ്യത

Update:2019-12-30 17:46 IST

ആര്‍.സി.ഇ.പി കരാറില്‍ നിന്ന് പിന്മാറിയതിന്റെ അനുബന്ധമായി യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിനു രൂപം നല്‍കാന്‍ ഇന്ത്യ നീക്കമാരംഭിച്ചു. യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള വീഞ്ഞിനും മദ്യത്തിനും കാറുകള്‍ക്കും ഇറക്കുമതി തീരുവ കുറയാന്‍ ഇതിടയാക്കും.

യൂറോപ്യന്‍ യൂണിയന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇന്ത്യ പരിഗണിച്ചുവരുന്നത്. മദ്യം, കാര്‍ തുടങ്ങി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങളോട് ഇന്ത്യ മുഖംതിരിച്ചിരിക്കുകയായിരുന്നു.അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്‌ഞ്ചെല മെര്‍ക്കലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ കരാറിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചെത്താന്‍ വഴി തുറന്നു.

പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയല്‍ ഇത് സംബന്ധിച്ച് ഏയ്‌ഞ്ചെല മെര്‍ക്കലുമായി വിശദമായ ചര്‍ച്ച നടത്തി. യൂറോപ്യന്‍ യൂണിയന്റെ ട്രേഡ് കമ്മിഷണര്‍ ഫില്‍ ഹോഗനോടും ഗോയല്‍ ആശയവിനിമയം നടത്തി.ഉഭയകക്ഷി വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും ഒപ്പുവയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നേരത്തെ പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു.

ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറാമെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് യൂറോപ്പുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുന്നത്. ബ്രെക്‌സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടനുമായും വ്യാപാര കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ടെക്‌സ്‌റ്റൈല്‍, ഫാം പ്രൊഡക്ട്‌സ് എന്നിവയ്ക്കായാവും ഈ കരാര്‍.

യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങളുടെ കാര്യത്തിലും കേന്ദ്രത്തിന്റെ നിഗമനം സമാനമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News