എക്സൈസ് തീരുവ കുറയ്ക്കല്‍; കേരള സര്‍ക്കാരിന് നഷ്ടം 54 കോടി രൂപയോളം
കേന്ദ്രത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമെങ്കിലും പെട്രോള്‍ വിഭാഗത്തില്‍ 60 ലക്ഷം രൂപയും ഡീസല്‍ വിഭാഗത്തില്‍ 1.20 കോടി രൂപയുമാണ് സര്‍ക്കാരിന്റെ പ്രതിദിന നഷ്ടം.
ദീപാവലിക്ക് തൊട്ട് മുമ്പ് ബുധനാഴ്ച വൈകിട്ടാണ് കേന്ദ്രം പെട്രോള്‍, ഡീസല്‍ ഇന്ധനവിലയിലെ എക്സൈസ് തീരുവ കുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവിട്ടത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും വീതമാണ് കുറവ് വരുത്തിയിരിക്കുന്നത്.
സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒമ്പത് സംസ്ഥാനങ്ങള്‍ ഒഴികെ കേരളമുള്‍പ്പെടെ ആരും നികുതി (VAT ) കുറച്ചിട്ടില്ല. അതേസമയം പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന് വരുന്ന പ്രതിദിന നഷ്ടം വളരെ വലുതായിരിക്കുമെന്ന് കണക്കുകള്‍.
പ്രതിദിനം സംസ്ഥാനത്ത് 63 ലക്ഷം ലീറ്റര്‍ ഡീസലും 51 ലക്ഷം ലീറ്റര്‍ പെട്രോളുമാണ് വില്പന നടത്തുന്നത്. എക്സൈസ് നികുതി 5 രൂപ വീതം കുറയുമ്പോള്‍ പെട്രോള്‍ വിഭാഗത്തില്‍ നിന്നും 60 ലക്ഷം രൂപയും ഡീസലിന് 10 രൂപ കുറയുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ നിന്നും 1.20 കോടി രൂപയും കുറയും.
സംസ്ഥാനത്തിനുണ്ടാകുന്ന മൊത്തം പ്രതിദിന വരുമാന നഷ്ടം 1.80 കോടി രൂപയോളമായിരിക്കും. പ്രതിമാസ നഷ്ടം 54 കോടി രൂപയോളമാണ്.