നാട്ടിലേക്ക് മടങ്ങുന്നവര്‍ കൂടി; യുഎഇ അഭിമുഖീകരിക്കാനൊരുങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

Update: 2020-06-11 14:06 GMT

നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് തുടങ്ങിയെങ്കിലും കോവിഡ് വൈറസ് വ്യാപനത്തെ പൂര്‍ണ്ണമായ തോതില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ യുഎഇക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 39904 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അവസാന 24 മണിക്കൂറില്‍ 528 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 283 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ പകുതിയിലേറേപ്പേരും സുഖം പ്രാപിച്ചു എന്നതാണ് ആശ്വാസകരമായ കാര്യം. 22740 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തി മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡ് വൈറസിന്റെ വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ വിവിധ മേഖലകളില്‍ നിന്നായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്ന് ഓക്‌സഫോര്‍ഡ് എക്‌ണോമിക്‌സ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. സംരംഭം നടത്തിയവരും വാടക പോലും കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലായി.

ശമ്പളമില്ലാത്തതും കടുത്ത മാനസിക സമ്മര്‍ദത്തില്‍ ജോലി ചെയ്യേണ്ടി വരുന്നതുമായ സാഹചര്യത്തില്‍ തൊഴില്‍ ഉപേക്ഷിച്ചും നാട്ടിലേക്ക് വരുന്നവരും ഏറെയാണ്. പ്രവാസികളുടെ ഇത്തരത്തിലുള്ള മടക്കവും യുഎഇ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുകയെന്നും ഇക്കണോമിക് ടൈംസില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു.

പ്രതിസന്ധി മുറുകും

യുഎഇ യിലുള്ള അന്യ ദേശീയര്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതോടെ ഹോട്ടല്‍& ടൂറിസം, വിദ്യാഭ്യാസ രംഗം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വലിയൊരുശതമാനം വരുമാനവും നിലയ്ക്കും. ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കു പുറമെ ഈ രാജ്യങ്ങളില്‍ നിന്നും ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട,ചെറുകിട വ്യവസായികളും ഉള്‍പ്പെടുന്നതാണ് യുഎഇയിലെ വിദേശ സാന്നിധ്യം.

ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത് കനത്ത തിരിച്ചടിയാണ് യുഎഇ സാമ്പത്തിക രംഗത്തിന് നല്‍കുന്നത്. 'മധ്യവര്‍ഗ്ഗ പ്രവാസികള്‍ കൂട്ടമായി രാജ്യത്തേക്ക് മടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന വിവിധ മേഖലകളായ റെസ്റ്റോറന്റുകള്‍, സ്‌കൂളുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കും'- പശ്ചിമേഷ്യന്‍ നിരീക്ഷകനായ റയാന്‍ ബോളിനെ ഉദ്ധരിച്ച് എകണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News