സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം; രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയെന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും ആവശ്യം

Update: 2021-04-29 09:56 GMT

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് തുടരുമ്പോഴും രോഗികളുടെ എണ്ണത്തിലെ വന്‍ വര്‍ധന കണക്കിലെടുത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സ സംവിധാനത്തിന്റെ പരിമിതിയും തിരിച്ചടിയുകുമെന്ന് കെജിഎംഒഎ സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു.

ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,000ത്തില്‍ അധികം പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലാണ്. അതായത് പരിശോധന നടത്തുന്നവരില്‍ നാലില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നു. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് അതിവ്യാപന ശേഷിയുള്ളതുമാണ്. ആശുപത്രി കിടക്കകളും ഐസിയുകളും വെന്റിലേറ്ററുകളും നിറയുന്ന സാഹചര്യമാണ്. ഇതെല്ലാം കണക്കിലെടുത്ത് ജനങ്ങള്‍ പൊതുഇടങ്ങളിലേക്ക് എത്താതിരിക്കാന്‍ ലോക്ക്ഡൗണ്‍ വേണമെന്നാണ് കെജിഎംഒഎ പറയുന്നത്.

ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം വേണമെന്ന ആവശ്യം ഐ എം എയും ഉന്നയിച്ചിരുന്നു. സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനും പ്രതിപക്ഷത്തിനും. എന്നാല്‍ ഏറ്റവും കുറഞ്ഞ സമയത്തേക്കെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന അഭിപ്രായം വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം കോവിഡ് വ്യാപനത്തിന് ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്നും രോഗബാധ തടയാനുള്ള അടിസ്ഥാനമായ കാര്യങ്ങള്‍ പൊതുസമൂഹം പിന്തുടര്‍ന്നാല്‍ മതിയെന്നും ഒരു വിഭാഗം ഇപ്പോഴും ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരക്കേറി പരിശോധനാ കേന്ദ്രങ്ങള്‍
അതിനിടെ സംസ്ഥാനത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയാണ്. അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങളിലുള്ളവരും കോവിഡ് സ്ഥിരീകരിച്ച് രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയവരുമെല്ലാം പരിശോധനയ്ക്കായി കൂട്ടത്തോടെ എത്തുന്നുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയതോടെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം പരിശോധനക്കായി എത്തുന്നു.

മണിക്കൂറുകള്‍ കാത്തുനിന്നാലാണ് പലര്‍ക്കും പരിശോധനാ സാംപിള്‍ കൊടുക്കാന്‍ പറ്റുന്നത്. ആന്റിജന്‍ കിറ്റുകള്‍ക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


Tags:    

Similar News