ഫിനാന്‍സ് ബില്ലില്‍ ഭേദഗതി, ക്രിപ്‌റ്റോ നികുതി നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം
അടുത്ത മാസം മുതലാണ് നികുതി നിരക്കുകള്‍ നിലവില്‍ വരുന്നത്
ക്രിപ്‌റ്റോ ഇടപാടുകളിന്മേലുള്ള നികുതി വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു ക്രിപ്‌റ്റോ ഇടപാടില്‍ നിന്ന് ഉണ്ടാവുന്ന നഷ്ടം മറ്റൊന്നിന്റെ നേട്ടവുമായി തട്ടിക്കിഴിക്കാന്‍ കേന്ദ്രം അനുവദിക്കില്ല. അതായത് ക്രിപ്‌റ്റോ അടക്കമുള്ള ഡിജിറ്റല്‍ ആസ്ഥികളുടെ ഓരോന്നിന്റെയും ലാഭനഷ്ടങ്ങള്‍ പ്രത്യേകമായി പരിഗണിച്ച്, നികുതി നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച ഭേദഗതി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചേക്കും.
ഇലക്ട്രോണിക്കായി കൈമാറ്റം ചെയ്യാന്‍ കഴിയുന്ന കോഡ്, നമ്പര്‍, അല്ലെങ്കില്‍ ടോക്കണുകളെയാണ് ഫിനാന്‍സ് ബില്‍ 2022ല്‍ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്ഥിയായി പരിഗണിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികളും എന്‍എഫ്ടികളും ഈ നിര്‍വചനത്തിന് കീഴില്‍ വരും. ഡിജിറ്റല്‍ ആസ്ഥി കൈമാറ്റത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കുമ്പോള്‍, ചെലവുകളോ (cost of acquisition ഒഴികെ) അലവന്‍സുകളോ ആയി ബന്ധപ്പെട്ട ഇളവുകള്‍ അനുവദിക്കില്ല.
ഏപ്രില്‍ ഒന്ന് മുതലാണ് ഡിജിറ്റല്‍ ആസ്ഥികള്‍ക്ക് നികുതി നിലവില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍, എന്നിവയില്‍ നിന്ന് ഡിജിറ്റല്‍ ആസ്ഥികളുടെ തത്സമയ കൈമാറ്റ വിവരങ്ങള്‍ കേന്ദ്രം തേടും. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും ആദായ നികുതി വകുപ്പിന്റെ സ്റ്റേറ്റ്‌മെന്റ് ലഭ്യമാവുക.
2022-23 ബജറ്റ് പ്രകാരം 30 ശതമാനം ആണ് ഡിജിറ്റല്‍ ഇടപാടുകളിന്മേലുള്ള നേട്ടത്തില്‍ നിന്ന് ഇടാക്കുന്ന നികുതി. ഒരു വര്‍ഷത്തില്‍ 10,000 രൂപയ്ക്ക് മുകളിലുള്ള വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാടിന് 1 ശതമാനം ടിഡിഎസും (tax deducted at source) നല്‍കണം. ഐ-ടി നിയമത്തിന് കീഴില്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട വ്യക്തികള്‍/എച്ച്യുഎഫ് എന്നിവയ്ക്ക് ടിഡിഎസിനുള്ള ത്രെഷോള്‍ഡ് പരിധി പ്രതിവര്‍ഷം 50,000 രൂപ ആയിരിക്കും.