വിദേശനാണ്യ കരുതല്‍ ശേഖരം 620 ബില്ല്യണ്‍ ഡോളറെത്തി; വീഴ്ച്ചയ്ക്ക് ശേഷമുള്ള വീണ്ടെടുക്കല്‍

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം

Update:2023-12-30 10:59 IST

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഡിസംബര്‍ 22ന് അവസാനിച്ച ആഴ്ചയില്‍ 4 ബില്ല്യണ്‍ ഡോളര്‍ (33,600 കോടി രൂപ) ഉയര്‍ന്ന് മൊത്തം 620 ബില്ല്യണ്‍ ഡോളറെത്തിയതായി (52 ലക്ഷം കോടി രൂപ) റിസര്‍വ് ബാങ്ക്. 2021 ഒക്ടോബറിലാണ് വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയത് (54 ലക്ഷം കോടി രൂപ).

ഈ കലണ്ടര്‍ വര്‍ഷത്തില്‍, ഡിസംബര്‍ 22 വരെ റിസര്‍വ് ബാങ്ക് 57.59 ബില്യണ്‍ ഡോളര്‍ (4.8 ലക്ഷം കോടി രൂപ) കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കരുതല്‍ ശേഖരത്തിലെ വിദേശ കറന്‍സി ആസ്തി 4.8 ബില്യണ്‍ ഡോളര്‍ (40,000 കോടി രൂപ) വര്‍ധിച്ച് 550 ബില്യണ്‍ ഡോളറിലെത്തി (46 ലക്ഷം കോടി രൂപ). വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്.

2022ല്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 70 ബില്യണ്‍ ഡോളര്‍ (5.8 ലക്ഷം കോടി രൂപ) കുറഞ്ഞിരുന്നു. അത്തരം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിന് ശേഷമുള്ള വീണ്ടെടുക്കലാണിത്. 2023ല്‍ ആഭ്യന്തര വിപണിയില്‍ ശക്തമായ വിദേശ നിക്ഷേപം ഉണ്ടായി. അതേസമയം നവംബര്‍ അവസാനത്തോടെ സര്‍ക്കാരിന്റെ ധനക്കമ്മി 9.06 ലക്ഷം കോടി രൂപയായി. ഇത് മുഴുവന്‍ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 50.7 ശതമാനമാണ്.

Tags:    

Similar News