ജി.ഡി.പിയിലല്ല, ജീവിത നിലവാരത്തിലാണ് കാര്യം

ജനങ്ങള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കി വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ നമ്മള്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്

Update:2023-08-27 12:35 IST

ജി.ഡി.പി വളര്‍ച്ചയും ജനങ്ങളുടെ ജീവിത നിലവാരവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടോ? ഉയര്‍ന്ന ജി.ഡി.പിയും വളര്‍ച്ചാ നിരക്കും അവിടത്തെ പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു നല്‍കുന്നുണ്ടോ? ഈ രംഗത്തെ ആഗോള പ്രവണതകള്‍ എന്തൊക്കെയാണ്?

2024-25 ഓടെ ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം)അഞ്ച് ലക്ഷം കോടി ഡോളറിലെത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യാശാപൂര്‍വമുള്ള വീക്ഷണവും ജര്‍മനിയെയും ജപ്പാനെയും പിന്തള്ളി 2027 ഓടെ ഇന്ത്യന്‍ ജി.ഡി.പി 5.15 ലക്ഷം കോടി ഡോളറിലെത്തുമെന്ന ഐ.എം.എഫിന്റെ പ്രവചനവും ശരാശരി ഇന്ത്യക്കാരെ ആവേശഭരിതരാക്കുന്നുണ്ട്.
മൂന്നാമത്തെ സാമ്പത്തിക ശക്തി
നിലവിലെ സാഹചര്യത്തില്‍ മോദിയുടെ ലക്ഷ്യത്തെ അതിമോഹം എന്ന് വിശേഷിപ്പിക്കാമെങ്കിലും ജര്‍മനിയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ അധികം താമസിയാതെ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നത് വസ്തുതയാണ്. ഏകദേശം 3.5 ലക്ഷം കോടി ഡോളര്‍ ജി.ഡി.പിയുമായി നിലവില്‍ ഇന്ത്യ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണ്.
ജി.ഡി.പി വളര്‍ച്ചയും സമ്പദ്‌വ്യവസ്ഥയുടെ വലുപ്പവും ജനങ്ങളുടെ അഭിവൃദ്ധിയുടെ സൂചകങ്ങളാണോ എന്നത് സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ച നടക്കുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും നാലാമത്തെയും സാമ്പത്തിക ശക്തികളായ ജര്‍മനിയും ജപ്പാനും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളതും ജനസംഖ്യ കുറഞ്ഞു വരുന്നതുമായ രാജ്യങ്ങളാണ്. 2022ലെ കണക്കനുസരിച്ച് ജര്‍മനിയുടെ പ്രതിശീര്‍ഷ വരുമാനം 48,434 ഡോളറും ജപ്പാന്റേത് 33,815 ഡോളറുമാണ്. അതേസമയം ഇന്ത്യയുടേതാകട്ടെ 2,389 ഡോളറും.
2022ല്‍ ജപ്പാന്റെ ജി.ഡി.പി 4.32 ലക്ഷം കോടി ഡോളറായിരുന്നു. ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലുള്ള വ്യത്യാസം ഇതിലൂടെ മനസിലാക്കാം. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ജനങ്ങളുടെ ഉയര്‍ന്ന ജീവിത നിലവാരത്തിന്റെ സൂചികയാണ്.
2027ല്‍ ജര്‍മനിയുടെ ജി.ഡി.പി 4.95 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 5.08 ലക്ഷം കോടി ഡോളറുമായിരിക്കുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. ഐ.എം.എഫ് പ്രവചന പ്രകാരം 2027ല്‍ ഇന്ത്യയുടെ ജി.ഡി.പി 5.15 ലക്ഷം കോടി ഡോളറായിരിക്കും.
ധന-സാമ്പത്തിക കാര്യ മുന്‍ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ അഭിപ്രായത്തില്‍ ഉയര്‍ന്ന വരുമാനമുള്ള എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പി വളര്‍ച്ച താഴ്ചയിലാണ്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന ജീവിത നിലവാരം ഉണ്ടെന്നതും ജനസംഖ്യ കുറഞ്ഞുവരുന്നതുമാണ് കാരണം. 
തേസമയം, ഇന്ത്യയേയും ചൈനയേയും പോലുള്ള വികസ്വര രാജ്യങ്ങള്‍, നിലവില്‍ വികസനം കുറവായത് കൊണ്ടുതന്നെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടാണ് യു.എസ്.എ, യു.കെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഓരോ വര്‍ഷവും കുറഞ്ഞ ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തുന്നത്.
ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കണം
2013-14ലെ കണക്കനുസരിച്ച് പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ 189 രാജ്യങ്ങളില്‍ 144ാം സ്ഥാനത്താണ് ഇന്ത്യ. 2022ല്‍ നമ്മള്‍ 141ാം സ്ഥാനത്തേക്ക് കയറി. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ദരിദ്രരായ അയല്‍രാജ്യം ബംഗ്ലാദേശ് പോലും നമ്മളേക്കാള്‍ മുന്നിലാണ്. ജി.ഡി.പിയും ആഗോള വ്യാപാര പങ്കാളിത്തവും തമ്മിലുള്ള വൈരുധ്യമാണ് മറ്റൊരു കാര്യം. ആഗോള ചരക്ക് വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ്. അതേസമയം ഇന്ത്യയേക്കാള്‍ 14 മടങ്ങ് കുറഞ്ഞ ജനസംഖ്യയുള്ള വിയറ്റ്നാമിനും ഏകദേശം അത്രതന്നെ വിപണി പങ്കാളിത്തമുണ്ട്.
ഒരുകാര്യം വ്യക്തമാണ്. വലിയ ജി.ഡി.പിയും ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ഉണ്ടെങ്കിലും പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്ന നിലയിലായാല്‍ മാത്രമേ ഇന്ത്യന്‍ ജനതയ്ക്ക് അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ. ജനങ്ങള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കി വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ നമ്മള്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

(This article was originally published in Dhanam Magazine August 15th issue)

Tags:    

Similar News